Thursday 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 01



ഓണസ്മൃതി (കവിത)
രചന: സുമോദ് പരുമല
ഈമെയിൽ ഐഡി: sumodparumala@gmail.com

പൂക്കൾക്കിടയിൽ മതിൽക്കെട്ടുകളില്ലാതെ
ഒരു പൂക്കാലം
ഓർമ്മകളുടെ പനിനീരിറ്റി
നനഞ്ഞ മനസ്സിന്റെ
പഞ്ചാരമുറ്റത്ത്...

ആ നനവിലലിഞ്ഞ്
ഒരിളം മനസ്സ്...

അവിടെ,
മുറിച്ചു പൊളിച്ചൊരുക്കിയ
വാഴപ്പിണ്ടികളും
കുരുത്തോലപ്പന്തലുകളും
വെണ്ണക്കല്ലിൽ തീർത്ത
വർണവിസ്മയങ്ങൾ...

പിണ്ടിക്കാലുകളിൽ
പച്ചീർക്കിൽ വളയങ്ങളിലുറപ്പിച്ച
മരോട്ടിവിളക്കുകളുടെ
തങ്കപ്രഭാസാഗരം...
ഒരായിരം ദീപങ്ങൾ

കൈത്താലങ്ങളിൽ
നാളികേരമുറികളിൽ
നെയ്‌ത്തിരികളുമായി
ദാവണി ചുറ്റിയ
താരുണ്യങ്ങൾ

നെടുകെ നാട്ടിയ
നീണ്ട പിണ്ടിക്കാലുകളിൽ
പച്ചീർക്കിലികളിൽ കോർത്ത
ചെമ്പരത്തിപ്പൂക്കൾ
ചെമ്പകപ്പൂവുകൾ
കോളാമ്പിപ്പൂക്കൾ

ആ സ്മൃതികളുടെ
ചന്ദനവഴികളിൽ
ഇന്ന്, എവിടെയോ
തങ്ങിനിൽക്കുന്നു മനസ്സ്
കാറ്റു കൈവിട്ട
ഒരപ്പൂപ്പൻതാടി പോലെ...




രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക: