Thursday 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 02


വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി (നോവൽ)
രചന: സജി വട്ടംപറമ്പിൽ
ഈമെയിൽ ഐഡി: sajivattamparambil@yahoo.com

കിടന്ന കിടപ്പിൽ തന്നെ കിടന്ന് വൃണം പുഴുകി. അരിപ്പും കടിയും തുടങ്ങിയപ്പോൾ ഒരു ചീവീടിന്റെ ശബ്ദത്തിൽ ഞെരക്കവും കരച്ചിലും നേർത്തു കേൾക്കായി.
“ഇനിയ്ക്ക് ആ...ചൂട്ടത്തേയ്ക്കൊന്ന് കെടക്കണേർന്നൂ...”
എന്താണു പറയുന്നതെന്ന് ആദ്യമാദ്യമൊന്നും മനസ്സിലായില്ല. അതേ പല്ലവി തന്നെ ആവർത്തിച്ചു കേട്ടപ്പോൾ കുറച്ചടുത്തു ചെന്നു; കുനിഞ്ഞ് ചെവി കൊടുത്തു. കുറേശ്ശെക്കുറേശ്ശെ ഗ്രഹിച്ചെടുത്തു! അനായാസം കോരിയെടുത്ത് അടുപ്പിന്റെ മീതെ കിടത്തുകയും ചെയ്തു. മാറിക്കിടക്കണമെന്നു പറഞ്ഞപ്പോൾ അതുപോലെ തന്നെ തിരികെ, മാറ്റിക്കിടത്തി.
അടുപ്പിലും തലയ്ക്കാംപുറത്ത് ചട്ടിയിലും കാട്ടുമഞ്ഞളും ആര്യവേപ്പിന്നിലയും ഇടയ്ക്കിടെയിട്ടു പുകച്ചുകൊടുത്തു. വിശപ്പും ദാഹവും അറിഞ്ഞുതുടങ്ങിയപ്പോൾ അതിനും കരച്ചിലായി! കുടിയ്ക്കാൻ കരിക്കും തിന്നാൻ കഴമ്പും കൊടുത്തു.
“നിയ്ക്കൊന്ന് മൂത്രൊഴിക്കണാർന്നൂ...”
ചാത്തപ്പൻ വലഞ്ഞു. മൂത്രക്കോളാമ്പി ഇതുവരെ തൊട്ടിട്ടുണ്ടായിരുന്നില്ല. അതെടുത്ത് അരികത്തേയ്ക്കു വെച്ചുകൊടുത്തു. എന്നിട്ടു ചെറ്റവാതിൽ മറ ചാരി പുറത്തേയ്ക്കു കടന്നു നിന്നു.
എന്താണുണ്ടായതെന്നറിഞ്ഞില്ല; ശബ്ദം കേട്ട് അകത്തേയ്ക്കു ചെന്നപ്പോൾ, ആളും കോളാമ്പിയും ദാ, മറിഞ്ഞ് കെടക്ക് ണൂ!
വേഗം ചെന്നെടുത്തു മാറ്റിക്കിടത്തി. ചളി നനഞ്ഞിടം വെണ്ണീറു വിതറി വെടിപ്പാക്കി. വിസർജ്യം ഒന്നിച്ചു കോരിയെടുത്ത്, ദൂരെക്കൊണ്ടുപോയി താഴ്‌ചയിൽ കുഴികുത്തി മൂടി.
“ന്റെ മൂത്രത്തുണ്യൊന്ന് മാറ്റിക്കിട്ട്വോ?”
ചാത്തപ്പൻ മിഴിച്ചു!
ഒന്ന് കഴിഞ്ഞു. രണ്ട്?
ഇത്രയ്ക്കൊട്ടും നിരീച്ചില്ല. തുണി മാറ്റാൻ, ഉടുതുണിയ്ക്കു മറുതുണി ഇതിനകത്തില്ലല്ലോ. അവ്വേടെ കിടക്കപ്പായിലെ കീറത്തുണികൾ തൽക്കാലത്തേയ്ക്കു ചുറ്റാൻ കൊടുക്കാമെന്നു വെച്ചാൽ, മുഷിഞ്ഞുനാറിയാവും കെടക്കണത്. അതൊക്കെ വെണ്ണീറും ചാരവും ഊറയ്ക്കിട്ട്, ആദ്യം കാരംവെള്ളം നനച്ചു വെക്കണം.
മഴ നിന്നെങ്കിലും വെയിലുദിച്ചില്ല. ചൂരും മണോം പോണെങ്കിൽ വെയിലത്തിട്ട് ഉണക്കിയെടുക്കണം. മാനം അനന്തമായി, മൗനം പുതച്ച്, ഇടയ്ക്കിടെ മുരണ്ടു കിടന്നു.
തൽക്കാലം കാരംവെള്ളം ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു. ഈ തോർച്ചയ്ക്ക് ഉള്ള തുണികളെല്ലാം തിരുമ്മിയിട്ടാൽ അട്ടത്ത് അയ കെട്ടിയാലും നിവർത്തിയിട്ടുണക്കാം. ചെറ്റമറയ്ക്കു പിന്നിൽ അവ്വ കമഴ്‌ത്തി വെച്ചു സൂക്ഷിച്ചിരുന്ന, ചിന്നിയതും പൊട്ടിയതുമായ മൺകലങ്ങളിലൊരെണ്ണത്തിൽ പുളിവെണ്ണീറു നിറച്ചു. അതിലേയ്ക്കു വെള്ളമൊഴിക്കുമ്പോൾ കണ്ണീരുരുണ്ടു വീണു!
“ന്നെ തനിച്ചാക്കി അവ്വ പോയില്ലേ!” ചാത്തപ്പൻ വിലപിച്ചു. “വീട് വീടാന്തരം തെരഞ്ഞിട്ടും എവ്ടെയ്ക്കാ പോയേന്ന് അറിഞ്ഞില്ലല്ലോ, ദൈയ്‌വേ!”
സങ്കടം നെഞ്ചിൽ ഉരുണ്ടു പുകഞ്ഞു. നിയന്ത്രണം വിടുമെന്നായപ്പോൾ ഇടത്തേ കപ്പലക്കൈയിൽ കടിച്ചു...കുന്തക്കാലിലിരുന്നു നിശ്ശബ്ദം കരഞ്ഞു...
കലത്തിനു താഴെ വട്ടപ്പാത്രം വെച്ചു. കാരംവെള്ളം ഇറ്റു വാർന്നു നിന്നു. തുണികളെല്ലാം അതിൽ മുക്കിയിട്ടു. സന്ധ്യയ്ക്കു മുമ്പേ എല്ലാം കുത്തിത്തിരുമ്മി, കണ്ണീരിൽ കഴുകിയെടുത്തു.
ഒന്നും നിറം വെച്ചില്ല.
അതുമതി; അങ്ങനെ സമാധാനിച്ചു.
തമ്മിൽത്തൊടാതെ അടുപ്പുംകണ്ണിയ്ക്കു മീതെ ഞാത്തിയിടുമ്പോൾ ചന്തദിവസമാണെന്ന് ഓർത്തെടുത്തു. നേരത്തേ പോയാൽ നേരത്തേ കുടിയ്ക്കെത്താം.
എല്ലാ ബുധനാഴ്‌ചയും കൂട്ടുങ്ങലങ്ങാടിയിൽ ആഴ്‌ചച്ചന്ത. വടക്ക് പൊന്നാനി മുതൽ തെക്ക് കൊടുങ്ങല്ലൂർ നിന്നു വരെ ലൊട്ടുലൊഡുക്കു സാധനങ്ങളും കയറുല്പന്നങ്ങളും തോണിയിലെത്തും. തലയ്ക്കും കാവിനും കരവഴിയ്ക്ക് വേറെയുള്ളതൊക്കെയുമെത്തും. പുലർച്ചയ്ക്കു കരയ്ക്കണഞ്ഞ പിടയ്ക്കും മീനുമായി മുഴുപ്പുള്ള മുക്കോത്തിപ്പെണ്ണുങ്ങൾ മുല തെള്ളി മീൻകുട്ടയിൽ കുമ്പിട്ടുയർന്നു. ചൂണ്ടക്കണ്ണുടക്കി ജോനകപ്പിള്ളേര്, അകംതുടയിൽ അമർത്തി തട്ടിത്തെറുത്ത്, തെക്കും വടക്കും നടന്നു വില പേശി...
കിഴക്കു നിന്നുള്ള വരവു കൂടുതലും മലഞ്ചരക്കു സാമാനങ്ങളാണ്. പഴം, പച്ചക്കായ, വാഴയില, ചക്ക, മാങ്ങ, വെറ്റിലടയ്ക്ക, നെല്ല്, കൂർക്ക, കാവത്ത് എന്നിങ്ങനെ. സകലകലാദികൾ മുഴുവനും കണ്ടാണിപ്പുഴ താണ്ടി, ചൊവ്വല്ലൂർപ്പടിയിൽ വെള്ളക്കാരന്റെ ചുങ്കം വെട്ടിച്ചു വേണം രാത്രിയ്ക്കു രാത്രി തോടു മറിഞ്ഞു കൂട്ടുങ്ങലെത്താൻ!
മുട്ടിപ്പലക, ചിരട്ടത്തവി, മരപ്പാവകൾ, മുക്കാലിപ്പീഠങ്ങൾ, ചെല്ലപ്പെട്ടികളുമായി നായര്, വാര്യര് പെണ്ണുങ്ങളുടെ ചേലിൽ ആശാരിച്ചിപ്പെണ്ണുങ്ങൾ വന്നു. അരിപ്പക്കയിൽ വട്ടി, തൊട്ടി, ചോറ്റുകൊട്ട, വട്ടക്കൊട്ട എന്നിങ്ങനെയുള്ള സാമഗ്രികളുമായി പറയര് ജാതികളെത്തി. മുടിവെട്ടാനും മുഖം വടിച്ചുകൊടുക്കാനും തുണിസഞ്ചിയിൽ പൊതിഞ്ഞെടുത്ത ആയുധങ്ങളുമായി വാത്തിച്ചികൾ കച്ചേരിപ്പടിയ്ക്കു മുന്നിൽ കുന്തിച്ചിരുന്നു.
വെട്ടുകത്തി, പിശ്ശാങ്കത്തി, കുറ്റിക്കോല്, ചിരവ, ചിരവനാക്ക് തുടങ്ങിയ ചെറുകിട കൈയായുധങ്ങളുമായി കരുവാത്തികൾ ഇടം പിടിച്ചു. മഴു, കോടാലി, കൈക്കോട്ട് തുടങ്ങിയ കനമുള്ള ആയുധങ്ങൾക്ക് ആലയിലിരുന്നു ചാരായം കുടിച്ചു ചുമച്ചു കൂടം തല്ലുന്ന ആണുങ്ങൾക്കു പണി തരപ്പെടുത്തി.
“കലം വേണമാ, കലം...”
കിഴക്ക് ആളൂരു നിന്നു തുടങ്ങും, കുശവത്തിപ്പെണ്ണുങ്ങളുടെ ശീല്.
ഒറ്റച്ചുറ്റുചേലയിലൊതുങ്ങാത്ത ചന്തിയും തെറിപ്പിച്ചുള്ള അവരുടെ നടത്തം കാണാൻ, ചുങ്കംപിരിവു മറന്ന് ഏമാന്മാർ പോലും പുറത്തേയ്ക്കിറങ്ങി, കാഴ്‌ച കണ്ടു നിൽക്കും.
പെണ്ണുങ്ങൾക്കൊന്നിനും തരിക് ഇല്ല...
ഒരു ചിങ്കാരത്തിലെല്ലാം ഒതുങ്ങി!
ഓലക്കെട്ടേന്തി, നടുവൊടിഞ്ഞ്, ശീഘ്രം ശീഘ്രം നടന്നുപോകുന്ന പെണ്ണുങ്ങളുടെ മുഖം കണ്ട് ഉഷ്ണം മണത്താൽ ഏമാന്മാർക്ക് ശ്ശിയായി!
കണ്ടാണിപ്പുഴയുടെ മേൽക്കരയിൽ, കല്ലുത്തിപ്പാറയുടെ വടക്ക് കുംബാരന്മാർ കുടികെട്ടിത്താമസമുണ്ട്. പക്ഷേ, മൺകലങ്ങൾ മെനഞ്ഞെടുക്കാനും, കുറ്റം തീർന്നവ വ്യാപാരത്തിനെടുക്കാനും ആണുങ്ങൾ മടിയെടുത്തു. ചാരായം വാറ്റിക്കുടിച്ച്, ഏറാമ്മൂട്ടിൽ മുളം‌തണലേറ്റവർ മയങ്ങിക്കിടന്നു.
കൂട്ടുങ്ങലങ്ങാടിയിൽ എത്രമാത്രം ആൾത്തിരക്കായാലും, ആളൂരു ചെട്ടിച്ചികളുടെ മൂക്കുണർത്തിയുള്ള തമിഴ് വസനമൊന്നു വേറിട്ടു കേൾക്കാം. ആശാരിച്ചികളെ നുണയാൻ കിട്ടില്ല. വാത്തിച്ചികൾ തൊട്ടുതലോടി കാശുപിടുങ്ങും. അവരെ അവരുടെ പാട്ടിനു വിട്ട്, മൊട്ടത്തലയിലൊരു കെട്ടും കെട്ടി മാപ്ലക്കുട്ടന്മാർ തൊള്ളളന്നു കുന്തിച്ചിരുന്നു.
“ചെട്ടിച്ചിര്യമ്മേരെ കലൊന്ന് കാണട്ടേ?” അന്നും ഇന്നും എന്നും കുശവത്തികളെ എളുപ്പം കൈയിലെടുക്കാം.
“കണ്ടോളോ...കണ്ടോളോ...ഏത് കലാ വേണത്ങ്കെ നീങ്കെ പാരുങ്കോ...”
അളന്നിരുന്ന തൊള്ളയിലേയ്ക്കു ചെട്ടിച്ചിയുടെ വായിലെ തുപ്പലും മുറുക്കാനും തെറിച്ചുവീണു. ബല്യ പെരുന്നാളു വന്ന ശന്തോശായി, ജോനകർക്ക്.
“ബല്യ കലൊക്കെ ഞമ്മന്റെ കുടീല് ഒന്നിനും കൊള്ളാണ്ടിരിപ്പ് ണ്ട്. ഞമ്മക്ക് ബല്ലീതൊന്നും ബേണ്ട.”
“പെരിയ കലങ്കൾ ബ്ടാവ് എട്ത്ത് വര റൊമ്പ കഷ്ടം. നീങ്ക പറഞ്ചാൽ അടുത്ത വാറം വറുമ്പോത് എട്ത്ത്ട്ട് വറേൻ. വേണം ണ്ണാ ഉങ്ക വീട്ടുക്ക് എട്ത്ത് വന്ത് തറേൻ. അത്ക്ക് കാസ് വേറെ വേണം. ഇപ്പോ നമ്മ കൈയില് ശിന്നക്കലങ്കൾ മട്ടും താൻ ഇറുക്ക്ത്.”
“മതി, മതി! ഞമ്മക്ക് ചിന്നതാ പെരിത്തിഷ്ടം. മറ്റതൊക്കെ പിന്നെപ്പറയ് ണ്ട്. അപ്പങ്ങട്ട് വന്നാ മതി...” കാക്കാന്മാർ സുബർക്കത്തോടെ മൊട്ടത്തല മെഴുകി എഴുന്നേറ്റു.
എണ്ണം പറഞ്ഞ നാലു കോഴിയുമായാണു ചാത്തപ്പൻ ചന്തയ്ക്കെത്തിയത്. കുടിയ്ക്കുള്ളിൽത്തന്നെ, ഓരോ മുക്കിലും മൂലയിലും മുളഞ്ഞ്, പ്രത്യേകിച്ചു തീറ്റയൊന്നും കൊടുക്കാതെയാണ് അവ്വ അവറ്റകളെയൊക്കെ വളർത്തിയിരുന്നത്. പറമ്പിലെ ചിതലും കീടങ്ങളും മണ്ണിരയുമൊക്കെത്തിന്ന് കോഴികളെല്ലാം നല്ലപോലെ പുഷ്ടി പ്രാപിച്ചിരുന്നു.
കോഴികൾ മുട്ടയിടുന്നതും പൊരുന്നുന്നതും കൊത്തിവിരിയിയ്ക്കുന്നതും അവരുടെ ഇഷ്ടത്തിന്, അകത്തു തന്നെ. കോഴിപ്പേൻ വന്നാൽ അവ്വ വേലിയ്ക്കൽ നിന്നു നാറുന്ന ഒരുപിടി കോലപ്പ ഒടിച്ചുകൊണ്ടുവന്നു പുകച്ചാൽ രണ്ടുദിവസം കൊണ്ട് എല്ലാം പോയിക്കിട്ടും. കൊതുകിനും ഇതു തന്നെയാണു പത്ഥ്യം!
കോഴിയുമായി ചാത്തപ്പൻ പടിഞ്ഞാറേ വരി, കച്ചേരിച്ചുവരിനടുത്തു സ്ഥാനം പിടിച്ചു. ചാത്തപ്പന് കോഴിയുടെ വിലയറിഞ്ഞു കൂടാ. പറഞ്ഞവിലയ്ക്കു കോഴി പോയി. കിട്ടിയ കാശിന് എന്തു വാങ്ങണം, ഏതെടുക്കണമെന്നറിയാതെ കുഴങ്ങി നിന്നു. കാര്യസ്ഥൻ കമ്മള് ഇല്ലത്തു നിന്ന് കട്ടിട്ടും കണ്ടിട്ടും കച്ചോടത്തിനു കൊണ്ടുപോകുന്ന ചുമടുമായി കൂടെ വന്നിട്ടുള്ളതല്ലാതെ, കച്ചവടം ഇതുവരെ കൊണ്ടിട്ടില്ല.
അന്തംവിട്ടു തിരിഞ്ഞു നടക്കുമ്പോഴാണു കിഴക്കു കരയിലെ പുല്ലാനിക്കുന്നത്തു നിന്നു ചക്കരവിൽക്കാൻ വന്നിട്ടുള്ള പാറൻ ചേനാറെ കണ്ടത്. ഒട്ടും നിരീയ്ക്കാതെ. അതൊരു രക്ഷയായി.
“എന്താ ചാത്തപ്പാ, ഇവ്ടെ നിന്ന് തിരിയണത്?”
ചാത്തപ്പൻ ആദ്യമൊന്നു പരുങ്ങി. പിന്നീടു കാര്യം പറഞ്ഞു. “നാല് കോഴീണ്ടാർന്നു. അതിനെ കൊട്ത്ത്ട്ട് ചില്വാനങ്ങള് മേടിയ്ക്കാൻ വന്നതാ.”
“ന്ന് ട്ട് കൊട്ത്താ?”
“ഉവ്വ്.”
“ന്ത് കിട്ടീ?”
കൈയിലുള്ളതു ചാത്തപ്പൻ നിവർത്തിക്കാണിച്ചു.
“ഇത് പോരല്ലോ, ചാത്തപ്പാ. അറിയാത്തോരൊന്നും കച്ചോടത്തിന് പൊറപ്പെടാൻ പാടില്യ. അഥവാ അങ്ങനെ പൊറപ്പെട്വാണ് ന്ന് ച്ചാ, അറിയണ ആരെയാന്ന് ച്ചാ കൂടെക്കൂട്ടണം. മൻസ്സിലായാ?”
സങ്കടത്തോടെ ചാത്തപ്പൻ മിണ്ടാതെ തല കുനിച്ചു നിന്നു.
“ഇഞ്ഞ് ന്താ വേണ്ട്?”
“തുണീം ചില്വാനങ്ങളും...”
“വായോ.” മകനെ കച്ചവടത്തിനു കാവലിരുത്തി, പാറമ്മാൻ ചാത്തപ്പനൊപ്പം ചെന്നു. “എന്തൊക്ക്യാ വേണ്ടത്?”
മറുപടി...ചാത്തപ്പൻ പരുങ്ങി നിന്നതേയുള്ളൂ.
“നിനക്ക് അറിയില്ലാ ന്ന് ച്ചാൽ ഇതിനൊക്കെ തള്ളേനെ പറഞ്ഞയച്ചാപ്പോരേ?”
അടക്കിവെച്ചിരുന്ന ദുഃഖം അണ പൊട്ടി പുറത്തു ചാടി. ചാത്തപ്പൻ നിന്നിടത്തുനിന്ന് നിലവിട്ടു കരഞ്ഞു...
കാര്യകാരണമറിയാതെ പാറമ്മാൻ അന്ധാളിച്ചു നിന്നു. കരുത്തെന്നു പറഞ്ഞാൽപ്പോരാ, തെങ്ങും പനയും നിഷ്‌ഫലം! കരിമ്പനയ്ക്കൊത്ത മെയ്യൂക്കുള്ള ഒരാണൊരുത്തൻ, പച്ചമുള കീറുമ്പോലെ നിന്നിടത്തുനിന്നു കരയുന്നതിന്റെ കാരണമെന്തെന്നു പിടികിട്ടിയില്ല.
കച്ചേരിയ്ക്കിടത്തും വലത്തും മുൻവശത്തും പാണ്ടികശാലകൾ നിരന്നു കിടന്നു. പിറകുവശം പുഴക്കരയിൽ ചരക്കുവഞ്ചികൾ രാപകലില്ലാതെ കയറ്റിറക്കു നടത്തി. തൊട്ടും തൊടാതെയും പോകുന്ന വഴികളിൽ കാളവണ്ടികളുടേയും ചുമട് ഇറക്കിക്കയറ്റുന്നവരുടേയും കച്ചവടക്കാരുടേയും തിക്കും തിരക്കും.
വെള്ളക്കാരന്റെ പാലത്തിനപ്പുറം, ബഹളത്തിൽ നിന്നൊഴിഞ്ഞ്, വേലുക്കുട്ട്യേട്ടനും ഇത്തുമ്മേട്ത്തിയും ചക്കരക്കാപ്പിക്കച്ചോടം ചെയ്യുന്നുണ്ട്. പാറമ്മാൻ കൊണ്ടുവരുന്ന ചക്കരയുടെ രുചി അറിഞ്ഞിട്ടുള്ളവരാണ് ഇവിടത്തെ സ്ഥിരം പറ്റുകാർ. അവിടെ, തെളിമണലിൽ ചാത്തപ്പന് ഇരിപ്പിടം കൊടുത്തു. മുളംകുമ്പത്തിൽ* കാപ്പിയും ഇലക്കീറിൽ ചിരട്ടപ്പുട്ടും വാങ്ങിക്കൊടുത്തു. ചക്കരക്കാപ്പി ഒരെണ്ണം വാങ്ങി പാറമ്മാനും കുടിച്ചു.
തിരികെ ചന്തയിൽ കൊണ്ടുവന്ന്, അത്യാവശ്യത്തിനുള്ള ചില്വാനങ്ങളും തുണിയും മേക്കെട്ടിയും വാങ്ങിക്കൊടുത്തു. തികയാതെ വന്നത്, കണക്ക് വെയ്ക്കേണ്ടെന്നും പറഞ്ഞ്, പാറമ്മാൻ കൈയിൽ നിന്നും ചേർത്തുകൊടുത്തു.
യാത്രാനുമതിയോടെ തിരിഞ്ഞു നടക്കാനിരിയ്ക്കെ, പാറമ്മാന്റെ പ്രൗഢഗംഭീരസ്വരം ചാത്തപ്പന്റെ കാതിൽ കനത്തു വീണു:
“മൂക്കോളം മുങ്ങിയാലും ചാവില്ലൊരുത്തനും. നയിയ്ക്കാൻ പിറന്നവന് കണ്ണീരില്ല. ചെല്ല്വങ്ങട്ട് വീട്ടിലേയ്ക്ക്.”
ചാത്തപ്പൻ ചെറുതായിച്ചെറുതായി ഇല്ലാതായി.
(തുടരും. “ഊരുവലം”)
‌___________________________________________________________________________
*കീഴ്ജാതിക്കാർക്കു മാത്രമായി മാറ്റിവെയ്ക്കുന്ന ചിരട്ട/മുളപ്പാത്രങ്ങൾ. മൺപാത്രങ്ങൾ കുശവനും നിഷിദ്ധം.
(വരികൾ: “വേദാരണ്യം” - സജി വട്ടംപറമ്പിൽ)
‌____________________________________________________________________________



വേദാരണ്യം മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ



‌____________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക: