Thursday 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 03




അടുക്കളസൗഹൃദങ്ങളും സിറ്റൗട്ട് കോമാളികളും (കവിത)
രചന: സുമോദ് പരുമല
ഈമെയിൽ ഐഡി: sumodparumala@gmail.com

അടുക്കളസൗഹൃദങ്ങളും
സിറ്റൗട്ട് കോമാളികളും

അന്ന്...

കുശലം പറഞ്ഞും
കുഞ്ഞുവിശേഷങ്ങളാരാഞ്ഞും
മനസ്സുകൊണ്ടു മനസ്സ്
തൊട്ടറിഞ്ഞ സൗഹൃദക്കാലം

ചുട്ടുപഴുത്ത ജീവിതച്ചൂളയിൽ
ആശ്വാസക്കാറ്റായി
അടുക്കളയോളമെത്താൻ
വെമ്പിയ തനിനാടൻ
കുടുംബസൗഹൃദങ്ങൾ

ഉയർച്ചകളിൽ അസൂയപ്പെട്ടവർക്കു പോലും
തകർച്ചകളിൽ
മനസ്സലിഞ്ഞിരുന്നു...

പരുപരുത്ത പുറന്തോടിനുള്ളിൽ
അതിമൃദുലമായ സ്നേഹക്കാമ്പ്

ഇന്ന്...

ഔപചാരികതയുടെ അലങ്കാരങ്ങളണിഞ്ഞ്
കൃത്രിമച്ചിരിതൂകി
മനമറിയാത്ത
വാക്കുകൾ ഛർദ്ദിച്ച്
കനമുള്ള വിശേഷങ്ങളാരാഞ്ഞ്
ഭാരമേറിയ ചർച്ചകളുമായി
വരാന്തകളിലൊതുങ്ങുന്നു
പുതുപുത്തൻ സൗഹൃദങ്ങൾ...

അപരന്റെ ഇല്ലായ്മകളിൽ
വല്ലായ്മകളിൽ
ഉള്ളറിഞ്ഞാനന്ദിച്ച്
അവനുള്ളവയിൽ
അസൂയപ്പെട്ട്
അരങ്ങടക്കി വാഴുന്നു

സ്വയം പൊലിപ്പിച്ച്
കോമാളിവേഷം കെട്ടി...

പിച്ചക്കാരോടു പോലും
അസൂയ...
‘സുഖനിദ്ര’യെച്ചൊല്ലി!




______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:


___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ
___________________________________________________________________________