Thursday 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 09


വേദാരണ്യം അദ്ധ്യായം 8: ജലമൗനം (നോവൽ)
രചന: സജി വട്ടംപറമ്പിൽ
ഈമെയിൽ ഐഡി: sajivattamparambil@yahoo.com

ചാത്തപ്പൻ പിന്നെപ്പിന്നെ അകത്തേയ്ക്കു പ്രവേശിച്ചില്ല. ഇരിപ്പും കിടപ്പും ഉമ്മറത്ത്. തീനും കുടിയും ഉമ്മറത്തിരുന്നു തന്നെ. മുളംകുമ്പം, അല്ലെങ്കിൽ ചട്ടിപ്പാത്രം, മറവാതിലിനിപ്പുറം വെയ്ക്കും. അകത്തുനിന്ന് എന്താണെങ്കിലും അതിലേയ്ക്കു പകർന്നു കൊടുക്കും. ചില്വാനങ്ങൾ വാങ്ങിക്കൊണ്ടു വരും. അത്, ഉമ്മറത്തേയ്ക്കു കയറാതെ, വാതിൽക്കലേയ്ക്കു കൈയെത്തിച്ച്, നീക്കിവെച്ചു കൊടുത്തു. ആവശ്യങ്ങളൊന്നും ഇങ്ങോട്ടു വന്നില്ല; അങ്ങോട്ടു ചോദിച്ചതുമില്ല.
അന്നു കുളി കഴിഞ്ഞ ശേഷമാണ് ഇങ്ങനെയൊരു മാറ്റം. മൗനം ഉള്ളിലൊരു തുള തീർത്തു; അതങ്ങനെ വട്ടം വലുതായി, വലുതായി വളർന്നു. കുളിച്ചുകഴിഞ്ഞപ്പോളുണ്ടായ നീറ്റലിലും വേദനയിലും കുറച്ചുനേരമങ്ങനെ ഞെരങ്ങിയും മൂളിയും കിടന്ന്, ഒടുവിൽ സുഖനിദ്രയിൽ ലയിച്ചു. രാത്രിയിൽ പനിച്ചോ എന്നറിഞ്ഞില്ല. തൊട്ടുനോക്കാൻ പോയിട്ട്, ആ വഴിയ്ക്കു നോക്കാൻ പോലുമായില്ല. ചോദിയ്ക്കണമെന്നു മനസ്സിൽ തോന്നിയിരുന്നെങ്കിലും പിന്നേയ്ക്കാവാമെന്നു സ്വയമങ്ങനെ മാറ്റിവെച്ചു.
ഇന്നലെ വരെ ഇതു പോലൊന്നും തോന്നിയിട്ടില്ല. അതെന്താണാവോ, ഇങ്ങനെയൊരു മാറ്റം! കഴുക്കോലിനിടയിൽ ചുരുട്ടിവെച്ച കീറപ്പായ ഉമ്മറത്തു വിരിച്ച്, തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചു നേരം വെളുപ്പിച്ചു.
വെട്ടം വീഴും മുൻപേയെഴുന്നേറ്റു പറമ്പിലേയ്ക്കു നടന്നു. ദിനചര്യകൾ കഴിഞ്ഞ് അകത്തു കടന്നു. കാലത്തു പതിവുള്ളതാണ്, പഴങ്കഞ്ഞിവെള്ളം. നേരേ അടുപ്പിൻകണ്ണിയിലേയ്ക്കു ചെന്നു. കത്തിക്കഴിഞ്ഞ ചകിരിപ്പൊളികൾ ചെങ്കനലായി തിളച്ചുകിടന്നിരുന്നു. അതിനു മുകളിലൊരു ഷഡ്പദം കണക്കെ തീനാമ്പുകൾ തത്തിക്കളിച്ചു. അടുപ്പത്ത്, പാതിയടച്ചുവെച്ച മൺകലത്തിൽ കഞ്ഞി തിളയ്ക്കുന്നു!
ചങ്ക് നിറഞ്ഞു! ഒട്ടും നിരീച്ചില്ലിത്...
ഇടം വലം നോക്കാനുള്ള ധൈര്യമുണ്ടായില്ല. അകത്തൊരു പണിയും ചെയ്യാനില്ല. അടിച്ചു വൃത്തിയാക്കി, പാത്രങ്ങളൊക്കെ കഴുകി ഒതുക്കി വെച്ചിരിയ്ക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ഇത്രയ്ക്കു വൃത്തിയും വെടിപ്പും ഇതിനകത്തുണ്ടായിട്ടില്ല!
ഇതൊക്കെ എപ്പൊ നടന്നു?! പുറത്തേയ്ക്കു നടക്കുന്നതിനിടയിൽ സ്വയം ചോദിച്ചു. കിഴക്കേ മുറ്റത്തൊന്നു നടന്നു, വടക്കുപുറത്തു വന്നു. പടിഞ്ഞാറേഭാഗത്തേയ്ക്കൊന്നു നടന്നു; വീണ്ടും വടക്കുപുറത്തു വന്നു. എന്താ വേണ്ടത്...എന്താ ചെയ്യേണ്ടതെന്ന് ഒരു രൂപവും കിട്ടിയില്ല. വെറും വയറ്റിൽ പഴങ്കഞ്ഞിയുടെ ഇച്ചിരിവെള്ളവും ഒടുവിലെ നാലു വറ്റും ചെന്നാൽ, പണിയ്ക്കിറങ്ങാനൊരു ബലമുണ്ട്. പതിവിൽ മാറ്റം വന്നാൽ ക്രമങ്ങളൊക്കെത്തെറ്റും.
വീണ്ടും അകത്തു കയറി. തീർത്തും അസാധാരണമായതു തന്നെയാണു പിന്നേയും കണ്ടത്. കിഴക്കോട്ട് അഭിമുഖമായി തടുക്കു വിരിച്ചിരിയ്ക്കുന്നു. തടുക്കിനു മുന്നിൽ, ഓട്ടുകിണ്ണത്തിൽ ചൂടാറ്റിയ കഞ്ഞി. ഇടതുവശത്ത്, ലോട്ടപ്പാത്രത്തിൽ കുടിയ്ക്കാൻ വെള്ളം. ഉപ്പും പച്ചമുളകും കുഞ്ഞൻ‌ചിരട്ടയിൽ, അരികെയുണ്ട്.
ശീലിച്ചിട്ടില്ലാത്തതാണല്ലോ, ഇതെല്ലാം.
അവിടെയിരുന്നു കഞ്ഞി കുടിയ്ക്കാൻ മനസ്സു പാകപ്പെട്ടില്ല. അകത്ത് ഒരാളുണ്ടെന്നു കാണുകയോ നോക്കുകയോ ചെയ്തില്ല. അരുതാത്തതെന്തോ കാണുകയോ ചെയ്യുകയോ ഉണ്ടായതിലുള്ള അപകർഷതാബോധം കൂടെക്കൂടെ പിന്തുടരുന്നുണ്ടായിരുന്നു. എങ്ങോട്ടും നോക്കാതെ ചെന്ന്, പാത്യാമ്പ്രത്തു കമഴ്‌ത്തിവെച്ചിരുന്ന പാത്രമെടുത്തു. കഞ്ഞിക്കലത്തിൽ നിന്നു കുറച്ചു കഞ്ഞിയെടുത്ത് ഉമ്മറത്തേയ്ക്കു കടന്നു. കലത്തിൽ വറ്റു കുറവായിരുന്നു. കഞ്ഞി കുടിച്ച്, പാത്രം പുറത്തു തന്നെ, ചെറ്റമറയ്ക്കരികെ കമഴ്‌ത്തി വെച്ചു.
ഇറയാലിയ്ക്കൽ നിന്നു പുല്ലരിവാളെടുത്ത് കണ്ടാണിപ്പുഴ നോക്കി നടന്നു. തലേന്നു കുളിപ്പിച്ചുകൊണ്ടുചെന്നു കിടത്തുമ്പോൾ തീരുമാനിച്ചിരുന്നു, പായ ഒരെണ്ണമുണ്ടാക്കണം എന്ന്. പുഴയോരത്തു മൊതച്ചുനിന്നിരുന്ന പൂക്കൈതക്കാട്ടിൽ നിന്ന്, ദേഹത്തു കൊളുത്തിവലിയ്ക്കാതെ ചാഞ്ഞും ചരിഞ്ഞും നിന്ന്, ഒരു കെട്ടു കൈതോലകൾ മുറിച്ചെടുത്തു.
ഉമ്മറത്തുകൊണ്ടു വന്ന്, വലുതും ചെറുതും തരം തിരിച്ചു കെട്ടി. കലത്തിൽ വെള്ളമൊഴിച്ചു തിളപ്പിച്ചു. തിളച്ച വെള്ളത്തിലിട്ട് കെട്ടുകളെല്ലാം പുഴുങ്ങിയെടുത്തു. ആവി പറക്കുന്ന കൈതോലക്കെട്ടുകൾ വെള്ളം വാരാൻ നിലം തൊടാതെ വെയിലത്തു വെച്ചു. നനവു തീർന്നതോരോന്നെടുത്തു തണലിൽ പരത്തിയിട്ട്, ഒരു കണക്കിന് ഉണക്കി. അതിൽ നിന്നു തടമുള്ളതു നോക്കി, ഒരേ കനത്തിൽ പൊളി ഈർന്നെടുത്തു.
വെട്ടിവെട്ടിത്തേഞ്ഞു ചെറുതായ മുറിക്കയ്യൻ കൈക്കോട്ടെടുത്തു പിന്നാമ്പുറത്തൊരു കുഴി താഴ്‌ത്തിക്കുഴിച്ചു. കൈതമുള്ളുകളും നാരും ചപ്പുചവറുകളും കുഴിയിലിട്ടു. മുറ്റത്തു വന്നിരുന്ന് പായ അരികു കൂട്ടി, ഇഴ ചേർത്തു നെയ്തു. സ്വരൂപിച്ച ഓലയും നാരുമെടുത്തു മെടഞ്ഞു വന്നപ്പോൾ തടം കൂടുതലായി. രണ്ടാൾക്കു കിടക്കാനുള്ള വലിപ്പം തോന്നി. സാരമില്ല, വിസ്തരിച്ചൊന്നു കിടന്നോട്ടെ! നാരുകൾ കൊണ്ടൊരു തടുക്കും ഉണ്ടാക്കി.
പനിച്ചില്ലെങ്കിൽ മൂന്നാം ദിവസം വീണ്ടും അപ്രകാരം കുളിയ്ക്കാമെന്നാണു പറഞ്ഞിരിയ്ക്കുന്നത്. അതിപ്പോൾ എങ്ങനെ പറയും? മിണ്ടാൻ പോയിട്ട്, അകത്തേയ്ക്കു കയറാൻ പോലും ആവുന്നില്ലെങ്കിൽ എന്തു ചെയ്യും!
അകത്തും അതുപോലെ തന്നെ മൗനം കുടി പാർത്തിരുന്നു.
മൂന്നാം ദിവസം പറയുവാനൊന്നും നിന്നില്ല. വേപ്പിന്റിലയും പച്ചമഞ്ഞളും കൊണ്ടുവരണം. തനിച്ചാക്കിപ്പോകുമ്പോൾ എന്തോ ഒരു പ്രയാസം തോന്നി. പകൽവെളിച്ചത്തിൽ ഇതൊന്നും ചെയ്തുകൂടാ. വഴിയ്ക്കാരെങ്കിലും കണ്ടാലും ചോദിച്ചാലും ആർക്കാണ്, എന്തിനാണ് എന്നെങ്ങനെ പറയും! തെയ്ക്കാട്ടു നിന്ന് ഇരിങ്ങാപുറത്തേയ്ക്ക് അത്യാവശ്യം ദൂരമുണ്ടെന്ന് ഇപ്പോൾ, നടക്കുമ്പോഴാണു തോന്നിയത്!
എല്ലാം വാതിൽക്കലടുപ്പിച്ചു വെച്ചു. അമാന്തിച്ചു നിന്നു നേരം കളഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി, വേപ്പിലയും പച്ചമഞ്ഞളും കലത്തിലിട്ടു വെള്ളം തിളപ്പിച്ചു. ചൂടുവെള്ളം കുളിമറയ്ക്കുള്ളിൽ എത്തിച്ചുകൊടുത്ത്, കിഴക്കേ മുറ്റത്തേയ്ക്കു മാറി നിന്നു. ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും അകത്ത് അങ്ങനെയൊരാളുണ്ടോ ഇല്ലയോയെന്ന് ഇടംകണ്ണിട്ടുപോലും നോക്കിയില്ല. അവർ തന്നെയങ്ങ്ട്ട് കുളിച്ചു.
മറപ്പുരയിൽ കുളി തുടങ്ങിയപ്പോൾ ചാത്തപ്പൻ കള്ളനെപ്പോലെ അകത്തു കടന്നു. അവ്വയുണ്ടാക്കിവെച്ചിരുന്ന പുൽച്ചൂലെടുത്ത്, മണ്ണും കരടും പെട്ടെന്ന് അടിച്ചുവാരി. പണ്ടാരക്കുരിപ്പു കിടന്നിരുന്ന പായയും, പൊറ്റയും ചലവും പറ്റിയ തുണികളും മറ്റും എടുത്തു. കുമ്മന്റെ നാറ്റം! മൂക്കു വക്രിച്ച് അടച്ചുപിടിച്ചു. കോഴി മുളയുന്ന തെക്കുപടിഞ്ഞാറു മൂല അടുത്ത ദിവസത്തേയ്ക്കു മാറ്റി വെച്ചു. അടിക്കാടും ചണ്ടിപ്പണ്ടാരങ്ങളുമെല്ലാം കൂടി പടിഞ്ഞാപ്പുറത്തെ കുഴിയിൽ കൊണ്ടുപോയി കത്തിച്ചു. വീണ്ടും അകത്തേയ്ക്കു കടന്നു. തെക്കേ അരികിലായി കിഴക്കോട്ട് പുത്തൻപായ വിരിച്ചിട്ടു പുറത്തുകടന്നു.
കുളി കഴിഞ്ഞ് അകത്തേയ്ക്കു കയറിപ്പോയപ്പോൾ ഉമ്മറത്തു കമഴ്‌ത്തിവെച്ചിരുന്ന മൺകിണ്ണമെടുത്തു കഴുകി മലർത്തിവെച്ചു. അതിലേയ്ക്ക് അകത്തുനിന്ന് അത്താഴക്കഞ്ഞി വന്നു. കഞ്ഞി കുടിച്ചു പാത്രം കഴുകിക്കമഴ്‌ത്തിവെച്ച് ചാത്തപ്പൻ ഉറക്കം കാത്ത് ഉമ്മറത്തു കിടന്നു.
അങ്ങനെ, അങ്ങനെ അതങ്ങ്ട്ട് ശീലിച്ചു. തമ്പുരാട്ടി പുറത്തിറങ്ങുന്ന തഞ്ചത്തിന് അകത്തു കയറി. പാടത്തും പറമ്പിലും കൊണ്ടുവന്നു കെട്ടുന്ന പശുവിന്റെ ചാണകം ആനച്ചെവിപോലുള്ള കൊളമ്പു ചേമ്പിന്റെ ഇലയിൽ പൊതിഞ്ഞുകൊണ്ടുവന്നു വെള്ളത്തിലിട്ടു വെച്ചു.
കത്തിത്തീർന്ന ചകിരിയുടെ കരിക്കട്ടകൾ കൊഴുത്ത ചാണകവെള്ളത്തിൽ കുതിർത്തുചേർത്തു. അകം, അടുപ്പുംകല്ല്, പാത്യാമ്പ്രം അടക്കം ഉമ്മറം ചേർത്ത് പാളനാക്കുകൊണ്ടു വടിച്ച് ചാണകം മെഴുകി. ബാക്കി വന്ന ചാണകം വെള്ളം കൂട്ടി, മുറ്റം ചുറ്റുപുറവും കലക്കിത്തളിച്ചു, ഒരു ചൂരിന്. പാമ്പും മറ്റ് ഇഴജന്തുക്കളും വരാതിരിയ്ക്കാൻ വീടിനു ചുറ്റും ചാണകവെള്ളം തളിയ്ക്കണമത്രേ. അവ്വ ചെയ്തു കണ്ടിരുന്നത് അതേപടി പകർത്തി.
ദിവസങ്ങൾ ആഴ്‌ചകളായി കടന്നുപോയി. എന്നിട്ടും അന്യോന്യം നോക്കിയില്ല, മിണ്ടിയില്ല. എന്തെങ്കിലും വേണോ വേണ്ടയോയെന്നു ചോദിയ്ക്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ ചോദിയ്ക്കുമെന്നു വിഷമിച്ചു. അതിനെക്കുറിച്ച് ആലോചിയ്ക്കുമ്പോഴെല്ലാം കുറ്റബോധം മുഴച്ചു നിന്നു.
കൂട്ടുങ്ങലങ്ങാടിയ്ക്ക് ഇടയ്ക്കു പോയിവന്നു. വീട്ടിലേയ്ക്കാവശ്യമുള്ളത് എന്താണെന്നു കണ്ടറിഞ്ഞു വാങ്ങിയ്ക്കാൻ പാറമ്മാൻ സഹായിച്ചു. ചില്വാനങ്ങളുമായി നേരത്തേ കൂടണയും. കൊണ്ടുപോകുന്നതു പോലെ തന്നെ, പാറമ്മാനു കൊണ്ടുവരുവാനും ഒരു ചുമടുണ്ടാകും. അച്ഛനെ സഹായിയ്ക്കാൻ ഒപ്പത്തിനൊപ്പം എന്തിനും പോന്നവർ ആൺമക്കൾ നാലു പേരുണ്ട്. എങ്കിലും അതിലൊരു കൈസഹായം ചാത്തപ്പനും ചെയ്തുകൊടുത്തു.
അങ്ങനെയൊരു ചന്തദിവസം. വേലുട്ടിമ്മാന്റെ പീടികയിൽ നിന്നു ചക്കരക്കാപ്പി കുടിച്ചു തിരികെ വരുമ്പോഴാണ് പാറമ്മാൻ ക്ഷേമമന്വേഷിച്ചത്. ഉള്ളിൽ കെട്ടുകൂടിപ്പിണഞ്ഞു കിടന്നിരുന്നതെല്ലാം പടിക്കെട്ടിലുരുണ്ടു വീണു. കാനോലിസായിപ്പു പണിക്കുറ്റം തീർത്ത ഇരുമ്പുപാലത്തിന്റെ കൈവരി പിടിച്ച് പടികൾക്കു മുകളിലെത്തിയ പാറമ്മാൻ തിരിഞ്ഞുനിന്നു ചോദിച്ചു:
“അതെന്താടാ ചാത്തപ്പാ, അങ്ങനെ?”
“എന്താന്ന് ഇയ്ക്കറിയില്ല...” പടികൾ കയറി മുകളിലെത്തിയ ചാത്തപ്പൻ നിർവ്യാജം കൈമലർത്തി.
“അത് ശെര്യല്ലല്ലോ, ചാത്തപ്പാ.”
ശാന്തമായും നിർമ്മലമായും വടക്കു നിന്നൊഴുകിവരുന്ന പുഴയുടെ ഗർഭത്തിൽ നീളൻ മുളങ്കോലുകളൂന്നി പുരവഞ്ചികൾ വരുന്നുണ്ടായിരുന്നു. കരയണഞ്ഞവ ചുമടിറക്കാനും കയറ്റുവാനുമായി കാത്തുകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കൈവരിയിൽ പിടിച്ച്, പുഴപ്പരപ്പിൽ നോക്കിനടക്കവേ, ഉപദേശമെന്നോണം പാറമ്മാൻ തുടർന്നു:
“നമ്മടെ വീട്ടിൽ വന്നോരോട് നമ്മളല്ലേ മിണ്ടേണ്ടത്?”
അയ്‌ന് ന്റെ നാവ് പേര്ണില്യാച്ചാ ഞാനെന്താ ചെയ്യ്യാ, ചേനാറേ?” കടവിലും ജലപ്പരപ്പിലും മിഴികളുറയ്ക്കാതെ, കുരലു തിങ്ങിയ നിസ്സഹായത വെളിപ്പെടുത്തി.
കാനോലിപ്പാലത്തിനു താഴെ, പുഴയുടെ ആഴത്തിൽ കണ്ണാടി പോലെ മത്സ്യങ്ങൾ കൗതുകം മിന്നിത്തുളുമ്പി. കരയോരം നങ്കൂരമിട്ട ചരക്കുവഞ്ചികളിൽ നിന്നു ചരക്കു കയറ്റിയിറക്കുന്ന കരുമാടിക്കൂറ്റന്മാർ പാട്ടുപാടിയും കൂക്കിവിളിച്ചും തിരക്കു കൂട്ടി.
“എന്ന് പറഞ്ഞതോണ്ടായില്ല്യ. നന്റെ വെവരം അവര്ക്ക് ണ്ടാവ്വ്വോ?” ശാസന കലർന്ന സ്വരത്തിൽ പാറമ്മാൻ ചോദിച്ചു. “ഇങ്ങനെയാണെങ്കിൽ അവ്ടെക്കെടന്ന് ചത്തുപോയാ നിയ്യറിയ്യ്യോ!”
“ചങ്കില്‌ക്കുത്തണ വർത്താനൊന്നും പറയല്ലേ, ചേനാറേ...” ചാത്തപ്പൻ കരച്ചിലിന്റെ വക്കത്തെത്തി.
“ന്റെ ചാത്തപ്പാ, അവരൊരു പെണ്ണല്ലേടാ. അതിനുള്ള അറിവല്ലേ അവര്ക്ക് ണ്ടാവൂ.പാറമ്മാൻ തെല്ലൊന്ന് അയഞ്ഞുകൊടുത്തു.
“ഇയ്ക്ക് എങ്ങ്നേങ്കിലും അയ്‌നെ ഇല്ലത്ത് കൊണ്ടാക്കിക്കൊട്ത്താ മതീന്നേള്ളോ...കെടന്നൊറങ്ങീട്ട് എത്രീസായീന്നറിയ്യ്യോ...” സങ്കടം അളന്നു ചൊരിയുമ്പോൾ പുഴയോളം ചാലിട്ട് കണ്ണുനീരൊഴുകി.
“ചാത്തപ്പനിപ്പഴും നേരം വെളുത്തിട്ടില്ല! കൊണ്ടാക്കിക്കൊടുക്കേ? എവ്ടയ്ക്ക്? എന്ത് വർത്താനാ നിയ്യീപ്പറയണത്?” പറഞ്ഞു നിർത്തുമ്പോൾ ശബ്ദം വല്ലാതെ കനത്തുപോയിരുന്നു. പാറമ്മാന്റെ ധാർഷ്ട്യത്തിൽ പുഴയാഴങ്ങളിൽ മീൻപൊരികൾ ചിന്നിച്ചിതറി.
ഒരിയ്ക്കലും അരുതാത്ത കാര്യങ്ങളാണു നിർദ്ദോഷമായ മനസ്സിൽ ചാത്തപ്പൻ കരുതിവെച്ചിരിയ്ക്കുന്നതെന്നു ബോദ്ധ്യപ്പെട്ടു. നാട്ടുനടപ്പനുസരിച്ച് അയാൾക്കിനി തിരിച്ചുനടക്കാനാവില്ല. വരുംവരായ്കകൾ അറിഞ്ഞുകൊണ്ടല്ല, ഇത്രത്തോളമെത്തിയത്...
ജീവനുള്ളൊരു മനുഷ്യാത്മാവിനെ കുത്തൊഴുക്കിലേയ്ക്കു വലിച്ചെറിഞ്ഞില്ല. അതൊരു മഹാപരാധമായെന്ന് അറിയാനിരിയ്ക്കുന്നതേയുള്ളൂ! എത്രനാൾ മിണ്ടാതെ കഴിയും? എത്രകാലം ഒളിച്ചുജീവിയ്ക്കും? ഇനി കെട്ടിത്താഴ്‌ത്തിയാലും ഒടുങ്ങുന്നതല്ല, പ്രായശ്ചിത്തം! അതിനപ്പുറത്തേയ്ക്കു കാലെടുത്തുവെയ്ക്കാൻ...
നിലയില്ലാക്കയത്തിൽ നോക്കിനിന്നപ്പോൾ തല വട്ടം കറങ്ങുന്നതായി പാറമ്മാനു തോന്നി.
“നെനക്ക് അതിന്യങ്ങട് കൊല്ലായിരുന്നില്ലേടാ?” ദാക്ഷിണ്യമറ്റ വാക്കുകളായിരുന്നു ഉതിർന്നു വീണത്. “ഒന്നുകിൽ നീ, അല്ലെങ്കിലാ തമ്പുരാട്ടിക്കുട്ടി! രണ്ടുപേരും കൂടി വൈലിത്തറ വാഴില്ല!”
ചൂണ്ടുവിരലിലത്രയും പറഞ്ഞുനിർത്തുമ്പോൾ, പാറമ്മാന്റെ മുഖത്തും നെഞ്ചത്തും വെശർപ്പു പൊടിഞ്ഞിരുന്നു. അരയിൽ കെട്ടിയ രണ്ടാം മുണ്ടഴിച്ചു വെശർപ്പു തുടച്ചു. പരവേശത്തിൽ, പാലത്തിന്റെ കൈവരിയിൽ കൈത്തണ്ടകളൂന്നി തല താഴ്‌ത്തി നിന്നു. അടിയൊഴുക്കറിയാതെ നീങ്ങുന്ന പുഴയുടെ വിരിമാറിലേയ്ക്കൊരു ദൃഷ്ടി പായിച്ച്, ദീർഘമായി ശ്വാസമെടുത്ത് കണ്ണടച്ചു, പാറമ്മാൻ.
കരുണ വറ്റിയ വാക്കുകളിൽ ചാത്തപ്പന്റെ ഇടനെഞ്ചു കലങ്ങി. ഹൃദയഭാരം താങ്ങാനാകാതെ, ഇരുകൈകളും തൊഴുതുകൂപ്പി മുഖത്തോടു ചേർത്തുപിടിച്ചു. കനിവിന്റെ ഒരു നുള്ള് കച്ചിത്തുരുമ്പിനായി മുട്ടുകുത്തി തല താഴ്‌ത്തി ചാത്തപ്പൻ കേഴുമ്പോൾ...
വിളിപ്പാടകലെ, പുഴയാഴങ്ങളിലേയ്ക്ക് ഇരപിടിയൻ പക്ഷിയൊന്നു കൂപ്പുകുത്തി.
അറിഞ്ഞോ അറിയാതെയോ അഴിമുഖത്തേയ്ക്കടുക്കുകയായിരുന്നു, എല്ലാമെല്ലാം ഉള്ളേറ്റു വാങ്ങിയ പുഴയുടെ ജലമൗനം!
(തുടരും)
(വരികൾ: വേദാരണ്യം, സജി വട്ടംപറമ്പിൽ)

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

‌______________________________________________________________________________



വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:




___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

___________________________________________________________________________