Thursday 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 06


വേദാരണ്യം അദ്ധ്യായം 6: ഊരുവലം (നോവൽ)
രചന: സജി വട്ടംപറമ്പിൽ
ഈമെയിൽ ഐഡി: sajivattamparambil@yahoo.com


വ്രണങ്ങൾ ഉണക്കം തട്ടി കരിഞ്ഞു തുടങ്ങിയാൽ കുരിപ്പൊഴിഞ്ഞു പോവുകയായി. പോകുമ്പോൾ കലശലായ ചൊറിച്ചിലും മാന്തിപ്പറിച്ചെടുക്കാനുള്ള ആവേശവുമുണ്ടാവും. ചൊറിഞ്ഞുപൊട്ടിയാൽ രക്തം പൊടിഞ്ഞ് അതും വ്രണമാകും. അതിനാൽ ചൊറിച്ചിലടക്കാനും പൊറ്റ പൊളിയ്ക്കാതിരിയ്ക്കാനും ശ്രമിക്കുന്നതാണ് ഉത്തമം.
“തന്ന്യങ്ങ് ട് പൊഴിഞ്ഞ് പൊയ്ക്കൊള്ളും. ഈ വക സമയത്താണ് പകരാനുള്ള സാദ്ധ്യതയും ഏറെയുള്ളത്. ഇത്രേം നോക്കീണ്ടാക്കീതല്ലേ. ഒരു കൊഴപ്പോം വരില്ല. മനസ്സിന് ഒറപ്പുള്ളോർക്ക് ഒന്നും പേടിക്കാനില്ല. മനസ്സാണ് ബലം. കൊടുങ്ങല്ലൂർക്ക് എന്തെങ്കിലൊന്നങ്ങ് ട് വിചാരിച്ചോളൂ. പിന്നെല്ലാം അമ്മ കാത്തോളും.”
പരപ്പുഴ കുട്ടന്റെ കുറിയ്ക്ക്, ചേട്ടയെ അടിച്ചുകളഞ്ഞ് ശ്രീലക്ഷ്മിയെ കുടിയിരുത്തുന്ന ചടങ്ങുണ്ട്, നാടൊട്ടുക്ക്. അണ മുറിയാതെ പെയ്തു നിറഞ്ഞ്, കുത്തിയൊലിച്ചെത്തുന്ന ഇടവപ്പാതിയിൽ, പരപ്പുഴയുടെ നടുവിൽ നാട്ടിയ കുറ്റിയ്ക്കു മുകളിലൂടെ ഘനജലം മദിച്ചൊഴുകി. ആ ഒഴുക്കിൽ ചേട്ടയെ ഒഴുക്കിവിട്ടു. കാഴ്‌ച കാണാൻ ജനം മഴ വകവെയ്ക്കാതെ ഇരുകരയിലും നിരന്നു. കുറിയ്ക്കു വന്നവർക്കെല്ലാം പുളിയിലയിൽ സദ്യ വിളമ്പി.
അകം പുറം വീട് ശുദ്ധപ്പെടുത്തിയെടുത്ത അടിക്കാടും മാറാലയും പൊട്ടിയ മൺകലത്തിലാക്കി ഒരരികിൽ വെച്ചു. പ്ലാവിലക്കുമ്പിളിൽ തീർത്ഥം തളിച്ച്, ഒരുരുള ചോറും പുളിയിലയും കാട്ടുമഞ്ഞൾച്ചെടിയും, കഴിഞ്ഞ വർഷം ഇതേ നാൾ മുതൽ ഉപയോഗിച്ചു തേഞ്ഞുപോയ കുറ്റിച്ചൂലും വെച്ചു. ഒരു കുമ്പിളിൽ ഉമിക്കരിയും ഞവിണിത്തൊണ്ടും വെച്ച്, വാഴയണകൊണ്ട് ഉച്ചത്തിൽ തല്ലി പൊട്ടിയെ ഓടിച്ചു. വീടിനു മൂന്നു വലം വെച്ച്, പടി കടന്ന ചേട്ടാവതിയെ കണ്ടാണിപ്പുഴയുടെ ഏതെങ്കിലുമൊരു കൈതപ്പൊന്തയിൽ വലിച്ചെറിഞ്ഞു. ആ ഭാഗങ്ങളിലെല്ലാം കാട്ടുമഞ്ഞൾ മുളച്ചുമൊതച്ചു.
മഞ്ഞൾ ശേഖരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ചെത്തുകഴിഞ്ഞു കുടുക്ക നിറയെ ചക്കരക്കള്ളുമായി നടന്നുവരുന്ന പാറമ്മാനെ വീണ്ടും കാണാനിടയായത്.
“തുളസിയില, കയ്ക്കണ വേപ്പിന്റെല, പച്ച മഞ്ഞൾ ഇത്യാദികളിട്ട് കഴിയും വിധം പൊക കൊള്ളുക. വേപ്പിൻതളിരു കൊണ്ട് വേണമെങ്കിൽ തലോടി, ചൊറിച്ചിലകറ്റുകയുമാവാം. ഇപ്പഴയ്ക്ക് മൂന്നാലാഴ്‌ച്യായില്ലേ. കുരുമൊഖൊണങ്ങീന്ന് ച്ചാ കുളിപ്പിയ്ക്കാം. സാധാരണ നെലയ്ക്ക് ഒരു ചൊവ്വേം വെള്ളീം കഴിഞ്ഞാ മതി. വെല്യ സാധനാണ് ന്ന് ച്ചാൽ പെട്ടെന്നൊണങ്ങ്യെന്നും വരില്യ,” പാറമ്മാൻ മനസ്സിലാവും വിധം പറഞ്ഞു.
“കുളിപ്പിയ്ക്കുമ്പോൾ പുളിയുള്ള തൈര് നെറുകൻതലേന്ന് തേച്ചെറക്കണം ട്ടാ. തൈര് വേണം ന്ന് ച്ചാൽ ആവശ്യത്തിന് അവ്ടെണ്ടാവും. കൈയ്ക്കണ വേപ്പിന്റെല പച്ച മഞ്ഞളുമിട്ട് വെള്ളം വെട്ടിത്തെളപ്പിച്ച് കുളിപ്പിയ്ക്കാം...”
ഇരുകൈകളും മാറത്തു പിണച്ചുകൂട്ടി, വിനീതനായി നിന്നുകൊണ്ടു ചാത്തപ്പനെല്ലാം കേട്ടു. മുന്നോട്ടു നടന്നുപോയ പാറമ്മാൻ, എന്തോ ഓർമ്മിച്ച പോലെ തിരിഞ്ഞുനിന്നു ചോദിച്ചു: “കള്ള് ഇത്തിരി കുടിയ്ക്കണാ നണക്ക്?”
ഒരു കള്ളച്ചിരിയിൽ തല ചൊറിഞ്ഞു നിന്ന ചാത്തപ്പനെ വിളിച്ചു: “ന്നാ വായോ. ആവശ്യം ള്ളത് കുടിച്ചോ.”
പുഴക്കരയിൽ ആരെങ്കിലുമുണ്ടോയെന്ന് ഇടം വലം നോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ഇരുകൈകളും കുമ്പിൾ കൂട്ടി, കുനിഞ്ഞു നിന്നു. മതി വരുവോളം പാറമ്മാൻ ഒഴിച്ചുകൊടുത്തു. കുടിച്ച് കുളിരു കയറിയപ്പോൾ ചാത്തപ്പൻ ആശ്വസിച്ചു നിവർന്നു.
ശരീരമാസകലം ഒരു പുള്ളികുത്താനിടമില്ല. കറുത്ത്, പൊറ്റയടർന്ന കലകൾ ഭീതിദമായി കണ്ണോട്ട വലുപ്പത്തിൽ ഉടലാകെ തെളിഞ്ഞിരുന്നു. കണ്ണോട്ട എന്നു പറഞ്ഞാലാവില്ല. അഴുകിയ വ്രണം അമർന്നുകിടന്നും പറ്റിപ്പിടിച്ചും മാന്തിപ്പൊളിച്ചും കുഞ്ഞൻ ചിരട്ടയോളം പൊള്ളച്ചിരുന്നു. ദീനത ഏറെ തളർത്തിയിരുന്നെങ്കിലും മുഖത്തു പ്രസാദമെഴുന്നു.
എഴുന്നേറ്റിരിക്കാനും സംസാരിക്കാനും പരസഹായമില്ലാതെ കാര്യങ്ങൾ നിവൃത്തിയ്ക്കാനും പ്രയാസമില്ലെന്നായി. പഴന്തുണി ചുറ്റി പുറത്തിറങ്ങി, ഇളംവെയിലും പോക്കുവെയിലും കൊണ്ടു സുഖം പോറ്റി. പുറത്തിറങ്ങി ഇളവെയിലേൽക്കാൻ തുടങ്ങിയതു ചാത്തപ്പന്റെ സ്വാസ്ഥ്യം കെടുത്തി. പാറമ്മാൻ പറഞ്ഞിടത്ത് ഉള്ളുടക്കി:
“ഇഞ്ഞാണ് സൂക്ഷിക്കേണ്ടത്.”
പോക്കുവെയിലേറ്റ്, മുറ്റത്തിരുന്നു മൊളി നുള്ളിപ്പൊളിയ്ക്കുന്നതു കണ്ടു വന്ന ചാത്തപ്പൻ ഭയപ്പാടോടെ ചുറ്റുമൊന്നു തിരിഞ്ഞു വീക്ഷിച്ചു. തികട്ടിവന്ന വിമ്മിഷ്ടം അടക്കിപ്പിടിച്ച്, പറഞ്ഞാൽ കേൾക്കാവുന്ന ദൂരേയ്ക്കു മാറി ഒതുങ്ങി നിന്നു. എന്നിട്ടും വേശാറൊഴിയാതെ, ആദ്യമായി, അന്നാദ്യമായി, ചാത്തപ്പൻ തൊണ്ട തുറന്നു:
“മുറ്റത്തങ്ങനെ ഇരിക്കണ്ട, തമ്പ്രാട്ടീ...”
എന്തേയെന്നു ചോദിച്ചില്ല. പകരം കെറുവിച്ച് തല ചെരിച്ചൊന്നു നോക്കി. അത്രമാത്രം. അതിനുത്തരമെന്നോണം ചാത്തപ്പൻ തന്നെ പറഞ്ഞു തുടങ്ങി:
“വഴീന്നാരെങ്കിലും കണ്ട് വന്നാൽ, അടിയൻ...”
ചാത്തപ്പൻ പറഞ്ഞുവന്നതിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടെന്നു തോന്നുന്നു; പതുക്കെ എഴുന്നേറ്റു കുടിക്കുള്ളിലേയ്ക്കു കയറി.
“ഇനിയ്ക്കൊന്ന് കുളിയ്ക്കണം,” അകത്തുനിന്നും ആവശ്യം വന്നു.
കേട്ട പാതി, കേൾക്കാത്ത പാതി, മുറ്റത്ത് പടിഞ്ഞാറേ കോണിൽ നിന്നിരുന്ന ചാത്തപ്പൻ ഓച്ഛാനിച്ചു നിന്ന് വിനയമേറ്റു: “അടിയൻ...!”
പിന്നേയ്ക്കു വെച്ചില്ല. നടന്നു നേരേ, പാറമ്മാന്റെ വീടന്വേഷിച്ച്. കുളിപ്പിയ്ക്കാൻ തൈരു തരാമെന്നു പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ, വീടറിയില്ല. മുമ്പൊരിക്കലും അങ്ങോട്ടു പോയിട്ടില്ല. അതിന്റെ ആവശ്യം വന്നിട്ടുമില്ല. വെള്ളക്കാരുടെ തീട്ടൂരത്തിൽ പൊറുതി മുട്ടിയിരിക്കുമ്പോൾ നെല്ലും ചക്കരേം മലഞ്ചരക്കു സാമാനങ്ങൾ തോടു കടത്താൻ പുറം ചായ്‌ച്ചു കൊടുത്തിട്ടുണ്ട്, ഇന്തയ്ക്കൊപ്പം. അന്നൊരു ദിവസമാണു പാറമ്മാനെ ആദ്യമായി കണ്ടത്. പിന്നീടു പല രാത്രികളിലും അതുപോലെ കാണാനിട വന്നിട്ടുണ്ട്.
ഉറക്കത്തിലായിരിയ്ക്കും, ആരെങ്കിലും വന്നു വിളിയ്ക്കുക.
“ചാത്തപ്പാ, ചാത്തപ്പാ,” തട്ടിവിളിച്ചത് ഇന്തയായിരുന്നു. “വെക്കം വായോ.”
ഉറക്കമത്തിൽ എഴുന്നേറ്റ് ഇന്തയ്ക്കൊപ്പം ചെന്നു.
“ചെക്കനോട് മിണ്ടര്തെന്ന് പറഞ്ഞോളോ ട്ടാ,” ആരോ കുശുകുശുത്തു.
അത് ഇന്ത ചെവിയിൽ മന്ത്രിച്ചു: “എത്തോം ചൂരും പാടില്ലാന്ന്!”
പടിഞ്ഞാറു നിന്നൊരു നത്ത് കരഞ്ഞാൽ, കിഴക്കു നിന്നൊരു കുറ്റിച്ചുടിയൻ കൂവിക്കേട്ടു. രണ്ടാമതും ഇതാവർത്തിച്ചാൽ അപകടം പതിയിരിയ്ക്കുന്നുണ്ട് എന്നു സാരം.
ആദ്യത്തെ സൂചനകൾ കിട്ടിക്കഴിഞ്ഞാൽ പിന്നത്തെ പണികളെല്ലാം എടുത്തോ, പിടിച്ചോ എന്നാണ്. ആരും ആരോടും മിണ്ടില്ല. പാറമ്മാന്റേയും തൊറങ്കര കുഞ്ഞിച്ചേറു മാപ്ലയുടേയും മേൽനോട്ടത്തിൽ കിഴക്കുനിന്നും എടുക്കാപ്പറച്ചുമട് പനയോലക്കെട്ടിൽ സുരക്ഷിതമായെത്തി. പടിഞ്ഞാറ് നേതൃത്വം മായിൻകുട്ടി സായ്‌വിനും ആണ്ടിപ്പാപ്പനും. അമ്പിളിമാമൻ വെള്ളം കുടിയ്ക്കാൻ പോകുന്ന തക്കം നോക്കി ചെയ്തിരുന്ന വ്യവഹാരത്തിൽ മലബാറിൽ നിന്നും ഉപ്പും ഉണക്കമീനും കിഴക്കോട്ടു കേറി.
പൊന്നാനിയിലും കോഴിക്കോട്ടും വയനാട്ടിലും പോയി ഒളിപ്പോര് പഠിച്ചുവന്നയാളാണു പനമ്പാട്ടെ മായിൻകുട്ടി സായ്‌വ്; ഹനുമാൻ സേവക്കാരനായ ആണ്ടിപ്പാപ്പന്റെ സന്തതസഹചാരി.
മായിൻകുട്ടി നാദാപുരത്തെ അവ്ക്കാദർ മുസല്യാർക്കു ശിഷ്യപ്പെട്ടപ്പോൾ മുസല്യാർ അനുഗ്രഹിച്ച്, ആശ്ലേഷിച്ചു നൽകി, രണ്ടര മുഴം നീളമുള്ളൊരു തിരണ്ടിവാല്.
എണ്ണയിട്ടു പതം വരുത്തി, വെയിലത്തുണക്കി മിനുസപ്പെടുത്തിയ വാലു ചുറ്റിപ്പിടിച്ചൊരു വീശു വീശിയാൽ മതി, കിട്ടിയ ഭാഗം പൊള്ളയ്ക്കാൻ! മുറിവുണങ്ങാനും പാടാണ്, മുറിവുണങ്ങിയാലും പാടാണ്.
വയനാട്ടിലെ കുരിക്കളിൽ നിന്ന് ഒളിപ്പോരു പഠിച്ചിറങ്ങുമ്പോൾ കിട്ടിയതാണ് ആനക്കൊമ്പിൽ പിടി തീർത്ത ഒഴുക്കൻ മുനയുള്ള കത്തി. തിരണ്ടിവാല് മായിൻകുട്ടി തുണക്കാരനു സമ്മാനിച്ചപ്പോൾ വയനാട്ടിലെ കത്തി സായ്‌വിന്റെ അരപ്പട്ടയിൽ ചന്തത്തിലങ്ങനെ കിടന്നു.
അന്നു തൊട്ട് ആൾപരിചയമുള്ളതല്ലാതെ, ഇവരാരുടേയും വീടും കുടിയും അറിയില്ല. എങ്കിലും ഒരൂഹം വെച്ചു നടന്നു.
നേരാംവഴി ചാത്തപ്പൻ ഉപേക്ഷിച്ചു. പഷ്ണിപ്പുര കടന്നു ത്രിവേണീസംഗമം. കണ്ടാണിപ്പുഴ വീതി കുറഞ്ഞ ഭാഗം, കടവ് നീന്തിക്കടന്നു. ദൂരെ നിന്നേ കാണാം, ഒരിടഞ്ഞ കൊമ്പനെപ്പോലെ ഇരിയ്ക്കാം, എഴുന്നേൽക്കാമെന്നോണം തുമ്പിക്കൈ നീട്ടി നടയമർന്ന്, തെക്കുപടിഞ്ഞാറു നിന്നു വടക്കോട്ടുയർന്ന് കല്ലുത്തിപ്പാറ. മറിയ്ക്കു കിഴക്ക് ഏറാംമൂട്. തൊട്ടരികെ, മൗനം ചാലിച്ച ശങ്കരംകുളവും തെറ്റി നടക്കുമ്പോൾ ചെവി വട്ടം പിടിച്ചു: ഏറാംമൂട്ടിൽ കരിമ്പനത്തലപ്പിൽ ചൂളം വിളി!
മുപ്പിലിശ്ശേരിയിൽ വാഴക്കാവിലമ്മ ദാസ്യം ചുമന്നതും മനം വെറുത്തതും…കുരുട്ടുവിദ്യകൾ സ്വായത്തമാക്കിയ അല്പന്മാരിൽ അഹങ്കാരം വർദ്ധിയ്ക്കുമെന്നതു ശരിയാണ്. ചെപ്പടിവിദ്യയാൽ പാണൻ ശങ്കു വാഴക്കാവിലമ്മയെ ബന്ധനത്തിലാക്കി. ദാസ്യം ചുമന്നു മനം മടുത്ത ഭഗവതി എക്കിട്ടം മൂക്കറ്റം തേങ്ങി.
ഒരു നാൾ, ശങ്കുവിനു കുളിയ്ക്കാൻ എണ്ണയും ഇഞ്ചയുമായി വന്ന ദേവി കുളക്കടവിൽ കാത്തു നിന്നു. കുളത്തിലിറങ്ങി തേച്ചു കുളിയ്ക്കെ, പാണന്റെ ശക്തി, ധരിച്ചിരുന്ന ഉറുക്കും നൂലും, പൊട്ടി. പൊട്ടിയ ഉറുക്കും ചരടും അലക്കുകല്ലിൽ ഒതുക്കിവെച്ചു പാണൻ കുളത്തിലിറങ്ങി മുങ്ങി. ഒത്തുകിട്ടിയ തരം പാഴാക്കിയില്ല: കുളത്തിലേയ്ക്ക് എടുത്തു ചാടിയ ഭഗവതി ചവിട്ടിത്താഴ്‌ത്തി. മുങ്ങിയ ശങ്കു പൊങ്ങിയില്ല!
വേലികെട്ടാൻ മുള്ളിനു വേണ്ടി ഇന്തയ്ക്കും അവ്വയ്ക്കുമൊപ്പം മുളങ്കൂടു തേടി നടന്നപ്പോൾ കേട്ട കഥകൾ. അവയെല്ലാമിപ്പോൾ ഉള്ളിൽ ഭയമാണുണർത്തുന്നത്.
ശ്രദ്ധ തിരിച്ച്, ചാത്തപ്പൻ ഇടവും വലവും വഴി തിരഞ്ഞു നടന്നു.
നേരേ ചെല്ലുന്നതു മറ്റത്തിപ്പാടം. വലതുഭാഗം നമ്പഴിക്കാടിന് അതിരിട്ട്, കളകളാരവമുണർത്തി, കണ്ടാണിപ്പുഴ ലക്ഷ്യമാക്കിപ്പായുന്ന പൊന്നാന്തോട്.
ഇടതുവശത്തുള്ള തേട്ടിക്കുന്നിന്റെ വടക്ക് എത്തണമെങ്കിൽ പുല്ലാനിക്കുന്നു മറികടക്കണം.
ഉങ്ങ്, പാല, കമ്പിപ്പാല, മട്ടി, മുള, കടപ്പാവുട്ട, കാട്ടുവാക, അയിനി, പൊടിയയിനി, മുള്ളയിനി, വെൺമരുത്, ഞാവൽ, ഇത്യാദി വൃക്ഷങ്ങൾ പട്ടാപ്പകലും ഇരുട്ടു പരത്തി. കാര, തൊരടി, ഞാറ, കൂരി, കാട്ടുതെച്ചി, ശതവാരി, തൊട്ടാവാടി തുടങ്ങിയ പൊന്തക്കാടുകളും മുൾച്ചെടികളും ഇട തിങ്ങിയ വനം. സർപ്പങ്ങളായ സർപ്പങ്ങൾ, ഉരഗങ്ങൾ അഖിലവും തേട്ടിക്കുന്നത്തും പുല്ലാനിക്കുന്നത്തും ആപത്തുകളേതുമില്ലതെ സ്വൈരവിഹാരം നടത്തി.
മുയൽ, മെരു, പൂമെരു, കുരങ്ങ്, മുള്ളൻപന്നി, കോക്കാൻപൂച്ച, കുറ്റിച്ചുടിയൻ തുടങ്ങിയ ഒട്ടു മിക്ക ജന്തുവർഗങ്ങളും, നരി, പുലി, കുറുക്കൻ തുടങ്ങിയ ഹിംസ്രജീവികളും പാറയിടുക്കുകളിലും കൽക്കുഴികളിലും ആവാസമുറപ്പിച്ചിരുന്നു. മുളംതത്ത, ചെമ്പോത്ത്, ഇർളാടൻ, മൈന, മയിൽ, കുയിൽ, അരിപ്രാവ്, മരംകൊത്തി, ചിലച്ചാട്ടി, നത്ത്, കൂമൻ, ആവലുംജാതികൾ, ചവറ്റിലക്കിളികൾ, സൂചിമുഖികൾ എന്നു വേണ്ട, പക്ഷിസഞ്ചയങ്ങൾ മുഴുവനും ആപൽശങ്കകളേതുമില്ലാതെ ഇവിടം ചേക്കേറിപ്പാർത്തു.
ചാത്തപ്പൻ തേട്ടിക്കുന്നു വലിഞ്ഞു കയറി. എങ്ങും ചീവീടുകളുടെ കാതടപ്പിക്കുന്ന ശെത്തം. നരിച്ചീറുകൾ തലങ്ങും വിലങ്ങും തൊട്ടുതൊട്ടില്ലെന്നു ചീറിപ്പാഞ്ഞു ഭീതിപ്പെടുത്തി. വളർന്നുലഞ്ഞൊരു വൃക്ഷത്തിൽ നിന്നൊരു കമ്പ്, കവരത്തോടെ, പിടിച്ചു വലിച്ചു. കുത്തിക്കയറാനും മാർഗതടസ്സങ്ങൾ നീക്കാനും കുന്തം പ്രയോജനപ്പെട്ടു. ഊക്കോടെ ഊന്നിയും തട്ടി ശെത്തപ്പെടുത്തിയും കയറിയെത്തിയത് അസ്തമയത്തോടടുത്ത പുല്ലാനിക്കുന്നത്ത്.
പുല്ലാനിക്കുന്നിന്റെ നെറുകയിലെത്തിയപ്പോൾ മണ്ണിന്റെ ഭാഷയ്ക്കു മാറ്റം വന്നു. മണ്ണ് ഇല്ലെന്നു തന്നെ പറയാം. കാറ്റും മഴയും വെയിലുമേറ്റു കരിഞ്ഞുണങ്ങിയ ചെങ്കൽപ്പാറകൾ പരസ്പരബന്ധിതം മലർന്നു കിടന്നു. കാലഭേദങ്ങൾക്കടിപ്പെട്ട്, അടരുകൾ പാളി തിരിഞ്ഞ്, പൊട്ടിയടർന്നു രൂപാന്തരം പ്രാപിച്ച തടങ്ങളിൽ തീപ്പുല്ലുകളും കരിമ്പുല്ലുകളും കല്ലുരുക്കികളും പറ്റിപ്പിടിച്ച്, കരുത്തിൽ വളർന്നു.
വൈദ്യത്തിൽ പേരെടുത്ത കുഴുപ്പുള്ളിക്കാരും കൊടയ്ക്കാട്ടിൽ കുടുംബങ്ങളും പുല്ലാനിക്കുന്നിലേയും തേട്ടിക്കുന്നിലേയും ജൈവവൈവിദ്ധ്യം തിരിച്ചറിഞ്ഞ്, താഴ്‌വരകളിൽ വീടുവെച്ചു. വശങ്ങൾ ചായ്‌ച്ചിറക്കി, വൈദ്യശാലയും ഒരുക്കി.
ദൂരെ താഴ്‌വാരം തെങ്ങിൻതലപ്പുകളിൽ ഇരുണ്ടു നിന്നു. അങ്ങകലെയൊരു നിഴൽചിത്രമായി മാഹാത്മ്യം നിറഞ്ഞ മഞ്ജുളാൽ! തൊട്ടുപിറകിലായി ഒറ്റക്കുറുന്തോട്ടിയിൽ, ശ്രീഗുരുവായൂരപ്പന്റെ പുണ്യദർശനം!
“ഭഗവാനേ...ഇവിടെ നിന്നെങ്കിലും തൊഴാനായല്ലോ! അതിനാവും ഇങ്ങോട്ടെത്തിച്ചത്. ഭാഗ്യം!!”
മുപ്പിലിശ്ശേരി വലംവെച്ച്, കണ്ടാണിപ്പുഴയ്ക്കെതിരേ വടക്കു നീന്തിക്കയറുന്ന മുണ്ടകപ്പാടം കണ്ടു. അതു കാണിപ്പയ്യൂരിൽ കരയണഞ്ഞു. വടക്കുപടിഞ്ഞാറേ കരയിൽ ഉമാമഹേശ്വരസാന്നിദ്ധ്യം: ചൊവ്വല്ലൂർ. ചുറ്റും നോക്കിയാൽ ലോകം മുഴുവനുമുണ്ട്, കാണാൻ!
ഉച്ചിനിരപ്പിൽ തെക്കുവടക്കായി നടവഴി കാണുന്നുണ്ട്. വടക്കോട്ടല്പം ചെല്ലുമ്പോൾ അങ്ങിങ്ങു വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ആൾത്താമസമായി. ആദ്യം കണ്ടേടത്തു തന്നെ ചോദിച്ചു.
“നേരേ ചെല്ലണത് കുടക്കല്ല് പറമ്പ്. അത്രയ്ക്കങ്ങോട്ടു പോകണ്ട. ആ തിരിവു കഴിഞ്ഞ് ഇടത്തോട്ടു തിരിഞ്ഞാൽ, ചെല്ലുന്നിടം നാലും കൂടിയ മൂല: ചുണയംപാറ. താഴേയ്ക്കിറങ്ങി ഇടത്തോട്ടു തിരിഞ്ഞ് നേരേ ചെല്ലണത്...”
പടിക്കെട്ട് പന്ത്രണ്ട് കല്പടവുകൾക്കു താഴെ, ഉണ്ണിപ്പാറന്റെ വീടിനു മുന്നിലെത്തുമ്പോൾ നേരം ത്രിസന്ധ്യ മയങ്ങുന്നു...
(തുടരും)
(വരികൾ: വേദാരണ്യം, സജി വട്ടംപറമ്പിൽ)


______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

‌______________________________________________________________________________