Thursday 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 10


വേദാരണ്യം അദ്ധ്യായം 9: പാഥേയം (നോവൽ)
രചന: സജി വട്ടംപറമ്പിൽ
ഈമെയിൽ ഐഡി: sajivattamparambil@yahoo.com
 
“അതിന്യങ്ങ്ട് കൊന്ന് കളയാർന്നില്ലേടാ?”
ശബ്ദത്തിരമാലകൾ കാതോരം അടിച്ചുയർന്നു.
വയറ് ആളിക്കത്തി. കാതു ചൂളം വിളിച്ചു. കണ്ണിലിരുട്ടു മൂടി.
ഒരോളം കേറി, ചാത്തപ്പന്!
കാറ്ററിഞ്ഞില്ല, വെയിലറിഞ്ഞില്ല. ദിനപ്പകർച്ചകൾ കണ്ടില്ല.
അന്നമില്ല, വെള്ളമില്ല, മാവിലയിൽ പല്ല് തേച്ചില്ല, കുളിച്ചില്ല.
താടിയും മുടിയും വളർന്നു മുഖം ചപ്രത്തലയായി. വൃത്തിയും വെടിപ്പും മറന്നു. രാവും പകലും ഒരുപോലെ. പേക്കിനാക്കളിൽ ചാത്തപ്പൻ രാവുറങ്ങി. കണ്ണടച്ചാൽ കാണുന്നതപ്പടി പൊട്ടപൊട്ട സ്വപ്നങ്ങൾ മാത്രം!
“ന്റവ്വേ!”
അതിരായി നിന്നിരുന്ന ശീമക്കൊന്നകളുടെ ചുവട്ടിൽ കുന്തക്കാലിൽ ചെന്നിരുന്ന്, നെറുകന്തലയ്ക്കു കൈകൊടുത്ത് ചാത്തപ്പൻ മോങ്ങി:
“ആവൂ...ഇയ്ക്ക് വയ്യല്ലോ ന്റവ്വേ...”
ശ്വാസം കഴിച്ച് എഴുന്നേറ്റു. ഒട്ടിയ വയറിൽ തടവി നടന്നു. വെള്ളം പാത്രത്തോടെ വായിലേയ്ക്കു കമഴ്‌ത്തി. കുടിച്ചതിൽ മുക്കാലും ഒലിച്ചിറങ്ങി. എന്നിട്ടും മതി വരാതെ പാത്തും പതുങ്ങിയും പടിഞ്ഞാട്ട്, നെടുവരമ്പു നടന്നു. പാതിയോളം ചെന്നുനോക്കി. നിലാവു പുതച്ച നെൽപ്പാടം കടലുപോലെ ഞെളങ്ങി. കണ്ണെത്തും ദൂരത്തൊന്നും ഒരു മനുഷ്യജീവിയില്ല!
തിരിച്ചുവന്നു. തെക്കോട്ടു നടന്നു. ആരും അതുവഴി കണ്ടില്ല. അതും പോരാഞ്ഞ്, വടക്കോട്ട് പുത്തൻവെട്ടുവഴി എത്തുവോളം ചെന്നു. ആരുമില്ല. കിഴക്ക് കണ്ടാണിപ്പുഴയുടെ മറുകരയിൽ നിന്നൊരു കുക്കുടാൻ കൂവി. ഇല്ല, പാറമ്മാനും മക്കളും ഉള്ളിടത്തോളം കാലം കിഴക്കുനിന്ന് അലട്ടലൊന്നും ഉണ്ടാവാനിടയില്ല. ആ വിശ്വാസത്തിന്റെ ബലത്തിൽ ഇറയാലിയ്ക്കൽ ചുരുട്ടിവെച്ച കീറപ്പായ വിരിച്ച് ചാത്തപ്പൻ മലർന്നുകിടന്നു.
“പൊലപ്പേടി, പൊലപ്പേടീന്നു പറഞ്ഞാ എന്താന്നറിയില്ലേ നനക്ക്?” പാറമ്മാൻ പുകഞ്ഞു. “ഇന്റെ മോള് കല്യാണി. നിയ്യൊന്ന് തൊട്ടാപ്പിന്നെ ഇങ്ങട്ട് ണ്ടോ?” ഒന്നിടവിട്ട് പാറമ്മാൻ തുടർന്നു. “ഇല്ല. നന്റെ ജാതീന്ന് ഒന്നിനെ ഞാനോ, ന്റെ മക്കളോ തൊട്ടാപ്പിന്നെ അങ്ങട്ട് കേറ്റോ?”
ചോദ്യങ്ങൾക്കുത്തരം പാറമ്മാൻ തന്നെ മൂളി: “ഇല്ല! ഇത് അങ്ങന്യാണോ കെടപ്പ്? തമ്പുരാട്ടിപ്പെണ്ണിന്യേണ് കൊണ്ട്‌വന്നിട്ട് ള്ളത്. അതും *കർക്കടമാസത്തിൽ. നാട്ട്വാര്ടെ കണ്ണീപ്പെടാതിരുന്നതന്നെ നന്റെ ഇന്തേരെ, അല്ലെങ്കെ ഇന്തേരെ ഇന്തേരെയൊക്കെ കുരുത്ത ജന്മാന്തറം! വേറൊന്നും ഇയ്ക്ക് നോക്കീട്ട് കാണാൻല്ല്യ!”
വീർപ്പുമുട്ടി ചാത്തപ്പൻ പായ മടക്കി. കുന്തക്കാലിൽ ചുരുണ്ടുകൂടിയിരുന്നു നേരം വെളുപ്പിച്ചു. പുറത്തിറങ്ങാനും പണിയ്ക്കു പുവ്വാനും ഉള്ള് പേടി, പനിച്ചുകൂടി!
ആരെങ്കിലും അറിഞ്ഞിട്ടുണ്ടാവ്വ്വോ? പുവ്വാണ്ടിരുന്നാൽ വയറു കഴിയണതെങ്ങന്യാ? ഒരു വയറല്ല, രണ്ട്!
'ഇത് വേണ്ട, അതു മതി...ഇതു ഞാൻ തിന്നില്യ...എനിയ്ക്ക് ഇന്നത് കൊണ്ടുവരണം...’ എന്തെങ്കിലുമൊരു വാക്ക് ഇതുവരെ മിണ്ടിയിട്ടില്ല.
‘അതും ഒരു മനുഷ്യജീവ്യല്ലേ. നമ്മള് തിന്നില്ലെങ്കിലും കുടിച്ചില്ലെങ്കിലും അതിനല്ലേ കൊടുക്കേണ്ടത്. വേറെ ആരാ അതിന് കൊണ്ടന്ന് കൊട്ക്കാന്ള്ളത്...’
പോകുന്നിടത്തും വരുന്നിടത്തും മറ്റൊരു വിചാരമില്ല, അന്നം മുടങ്ങിയില്ല.
രാമൻകമ്മളുടെ പിന്നാലെ പാടത്തിറങ്ങുമ്പോഴും ഇല്ലപ്പറമ്പിൽ കേറുമ്പോഴും ഭയവും ശങ്കയും ഇടംവലം ചുറ്റി. ഇല്ലം കണ്ടാൽ അപരാധം; തല താഴ്‌ന്നു! പുറത്തോ മുറ്റത്തോ ആരാനുമുണ്ടെന്നു തോന്നിയാൽ, അകലെയാണെങ്കിലും തിരിഞ്ഞു കുമ്പിട്ടു നിന്ന് വെട്ടിയും കിളച്ചും പണിയിൽ വ്യാപൃതനാണെന്നു വരുത്തി.
അന്ന്, അതൊരു ഏകാദശി കാലമായിരുന്നു. തേവരെ അമ്പലത്തിനു പിന്നിൽ, കൂട്ടത്തോടെ തെങ്ങുംപറമ്പ് കിള തുടങ്ങിയിരുന്നു. കിളക്കാർ അത്രപേർക്കും ഇല്ലത്തുനിന്നും പുഴുക്കു വന്നു, ഏകാദശിപ്പുഴുക്ക്. ചേമ്പ്, കൂർക്ക, കാച്ചിൽ, കാവത്ത് എന്നിങ്ങനെയുള്ള കിഴങ്ങുകളെല്ലാം നന്നാക്കിയെടുത്ത്, കഴുകിയുപ്പിട്ട്, നാളികേരം അരച്ചൊഴിച്ച് ഒന്നിച്ചുള്ളൊരു പുഴുക്ക്. വെളുത്തു മെല്ലിച്ച്, കോന്ത്രമ്പല്ലുള്ള ഇല്ലത്തെ അടുക്കളപ്പണിക്കാരി വെളക്കത്തലമ്പ്രാള്, അകത്തുള്ളവർക്കു കഴിഞ്ഞ് പുറത്തു നാക്കിലയിൽ, പണിമക്കൾ എല്ലാവർക്കും എത്തിച്ചു വിളമ്പി. എല്ലാ കൊല്ലവും പതിവുള്ളതാണത്. ചാത്തപ്പനു കിട്ടിയതു ചാത്തപ്പൻ കഴിച്ചില്ല. അടിയോടെ താങ്ങി, പൊടിയിനി ഇലയിൽ മടക്കിക്കെട്ടി, നിലം തൊടാതെ കവരത്തു കയറ്റിവെച്ചു.
“അതാര്ക്കാണ്ടാ നിയ്യ് തിന്നാണ്ട് മാറ്റി വെച്ചോട് ക്ക് ണ്?” ചോദിച്ചത് മാമൻ പൊക്കനായിരുന്നു; അവ്വേടെ ഉടപ്പിറപ്പ്.
എവിടെ എന്ത് പണിയുണ്ടെങ്കിലും ചാത്തപ്പനെ പൊക്കൻ കൂടെക്കൂട്ടും. ചൂൽപ്പുറത്ത് ആറ്റുവഞ്ചികൾ ആളുയരം മൊതച്ചുപൊന്തി. അതു വെട്ടിക്കൊണ്ടുവരാൻ പൊക്കനൊപ്പം ചാത്തപ്പന്റെ ഇന്ത ചാത്തൻ പോയപ്പോൾ പാമ്പുകടിയേറ്റാണു മരിച്ചത്. അന്നുതൊട്ടിന്നുവരെ പണി എവിടെയുണ്ടെങ്കിലും ചാത്തപ്പനെ വാത്സല്യപൂർവം പൊക്കൻ കൂടെക്കൂട്ടും.
“ഏകാശ്യല്ലേ, ഞാൻ കുട്യേപ്പോയി കുൾച്ചിട്ടേ തിന്നണുള്ളൊ,” പൊക്കൻ ചോദിച്ചതിനു ചാത്തപ്പൻ സമാധാനം പറഞ്ഞു.
“അയ് ശെരി! നനക്കിപ്പൊ ഏകാശീം വെളക്കൊക്കെ ണ്ടാ?” മാമന്റെ ഹാസ്യത്തിൽ പണിമക്കളെല്ലാവരും ചിരിച്ചു. ചാത്തപ്പനൊന്നും മിണ്ടിയില്ല.
രാവിലെ ശീവേലിയ്ക്കു കൊട്ടു തുടങ്ങുന്നതിനു മുമ്പു പണിമക്കൾ പണിയ്ക്കിറങ്ങണം. വൈകുന്നേരം തേവരെ അമ്പലത്തിൽ ശംഖ് മുഴങ്ങുമ്പോഴേ നിർത്താൻ പാടുള്ളൂ. അതാണു ചട്ടം. ചട്ടം തെറ്റിച്ചവർക്കു കൂലിയില്ല. അടുപ്പിച്ചു കൂലി മുടങ്ങിയാൽ പണിയുമില്ല. കമ്മളുടെ വക പൊതിരെ തല്ലും കിട്ടും. പെണ്ണുങ്ങളുടെ കാര്യത്തിൽ അല്പസ്വല്പം വിട്ടുവീഴ്‌ചയുണ്ട്. ചന്തിയും മുലയുമുള്ള പെണ്ണുങ്ങളാണെങ്കിൽ കമ്മള് കൂട്ടിമുറുക്കിയൊരു മൂളക്കം മൂളും:
“ഉം...”
അർത്ഥം മനസ്സിലാക്കി പെണ്ണുങ്ങൾ പിരാകും, പിറുപിറുക്കും: “അസത്ത്! നശ്ശൂലം പിടിച്ചത്!”
പണി നിർത്തി കുടിയ്ക്കലെത്തിയപ്പോൾ ചാത്തപ്പൻ മുരടനക്കി. ചാരിക്കിടന്ന ചെറ്റവാതിൽക്കലെത്തിച്ച് പൊതിവെച്ചു. കൈകാലുകൾ മണ്ണു കഴുകിക്കളഞ്ഞു തിരികെ വന്നു. അത്താഴക്കഞ്ഞിയ്ക്കു പാത്രം കഴുകിവെച്ചു. പാത്രത്തിൽ കഞ്ഞിവീഴ്‌ത്തി. പുഴുക്കിൽ പാതി കണ്ണൻ ചിരട്ടയിൽ. വിശപ്പും ദാഹവും വലയ്ക്കുന്നുണ്ടായിരുന്നിട്ടും ചാത്തപ്പന്റെയുള്ളിൽ വിളിയുണർന്നു:
‘തമ്പുരാട്ടിപ്പെണ്ണിന്യേണ് കൊണ്ട് വന്നിട്ട്ള്ളത്!’
പുഴുക്കു കണ്ട് കഞ്ഞിപോലും തൊട്ടില്ല. അതവിടെത്തന്നെയിരുന്ന് ആറിത്തണുത്തു!
കിടന്നിട്ട് ഉറക്കം വന്നില്ല. എഴുന്നേറ്റു പോയി വെള്ളം കുടിച്ചുവന്ന് കൈത്തണ്ടയ്ക്ക് താടിയമർത്തിവെച്ച് കമഴ്‌ന്നു കിടന്നു.
കിഴക്ക് ചന്ദനത്താലത്തിൽ അമ്പിളിയുണർന്നു.
അമ്പിളിമാമന്റെ ഉള്ളിലും കളങ്കം!
പകുതി തെളിഞ്ഞും പകുതി മറഞ്ഞും കാലം തികയ്ക്കുന്നു, അമ്പിളിമാമൻ. എന്തിനാവുമത്? സൂര്യനെപ്പോലെ തെളിഞ്ഞു നിന്നാൽ ഇരുട്ടില്ല, രാത്രിയില്ല!
തെറ്റിയ്ക്കാൻ പാടില്ലാത്തതാണ്, എങ്ങും എക്കാലത്തും നിയമങ്ങൾ.
പാടില്ലാത്ത എന്തു തെറ്റാവും അമ്പിളിമാമൻ ചെയ്തിട്ടുണ്ടാകുക? സൂര്യഭഗവാനോളം ഊക്കും ബലവും ഇല്ലാത്തതാണോ തെറ്റ്?
അതെന്തായാലും വേണ്ട. ആ ഊക്കും ബലവും അമ്പിളിമാമനു കിട്ടിയാൽ ലാവ് കാണാൻ ആരും ണ്ടാവില്ല. ഈ ചന്തോം കുളിരും കിട്ടില്ല. രാവും പകലും പണ്യെടുക്കാൻ ആരെക്കൊണ്ടെങ്കിലും ആവ്വ്വോ! കരിപ്പാവണ കാരണല്ലേ, ഈ നേരത്തെങ്കിലും പണി നിർത്തിപ്പോരാൻ പറ്റണത്! അല്ലെങ്ങെ എന്താ സ്ഥിതി!
അമ്പിളിമാമനെ നെഞ്ചോടു ചേർത്തു ചാത്തപ്പൻ മലർന്നു കിടന്നു. തളർച്ചയിൽ കണ്ണുറങ്ങിയത് എപ്പോഴാണെന്ന് അറിഞ്ഞില്ല. കിനാക്കടൽ തെള്ളി, ചന്ദനത്താലം മറുകരെ മാഞ്ഞു. കളഭക്കൂട്ടലിഞ്ഞ തിരമാലകളൊന്നൊന്നായ് മാറിമറിഞ്ഞ്, പാദങ്ങൾ തൊട്ടുണർത്തി...
തെളിനീർ ചൂട്!
പാദങ്ങൾ ചുംബിച്ച കളഭച്ചാർത്തിന് ഊഷരഗന്ധം...മൃദുലസ്പർശം!
നിദ്രവിട്ടുണർന്ന ചാത്തപ്പൻ സ്ഥലകാലബോധം വീണ്ടെടുത്തു.
ചന്ദ്രകാന്തപ്രഭയാർന്നൊരു മുഖം കാൽക്കീഴിലുണരുന്നു!
ഞെട്ടി പിറകോട്ടു നിരങ്ങി നീങ്ങി.
ഇറയാലിയ്ക്കതിരിട്ട്, നിഴലും നിലാവും മുറ്റത്തു തൊട്ടുതൊട്ടു കിടന്നിരുന്നു...
കണ്ണോട്ടകൾക്കു താഴെ പതിഞ്ഞിറങ്ങിയ വെട്ടത്തിൽ
മുക്കൂറ്റിപ്പൂങ്കുല ചിതറിയ പോലെ,
ഇത്തിൾ നീറ്റിയ കുഴികൾ പോലെ,
കൊത്തിയ അമ്മിക്കലകൾ പോലെ
വടുക്കൾ നിറഞ്ഞ വദനം, സജലം...
സാഷ്ടാംഗം, പാദങ്ങൾ മുത്തിമുത്തിയുമ്മ വെച്ച് തമ്പ്രാട്ടിക്കുട്ടി!
പിടഞ്ഞെഴുന്നേറ്റു, ചാത്തപ്പൻ.
അന്നാദ്യമായാണ് അടുത്തുകാണുന്നത്.
അന്നാദ്യമായാണു തൊട്ടറിയുന്നത്!
ഭയവും വെപ്രാളവും കൂടി ഒച്ചയടച്ചു. ഉച്ചത്തിലൊന്നു നിലവിളിയ്ക്കാൻ പോലും വാ തുറക്കാനായില്ല.
മുറിവേറ്റ പക്ഷിക്കുഞ്ഞു ചിറകടിച്ചഭയം തേടും പോൽ ചാത്തപ്പൻ ചെറ്റമറയോടൊട്ടി, ചുരുണ്ടിരുന്നു.
“എന്തിനാ ഇത്രയ്ക്കും പേടിയ്ക്കണത്?” ആ മൃദുസ്വരത്തിൽ താഴ്‌മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വ്യസനം തുളുമ്പിയിരുന്നു, കണ്ണീരിൽക്കുതിർന്നിരുന്നു.
“ആരിന്യാ ഇത്രയ്ക്കും ഭയപ്പെട് ണ്? എന്തിനാ ഇങ്ങനെ വറ്റും വെള്ളോം കുടിയ്ക്കാണ്ട് നടക്കണ്?” അവർ കരയുകയായിരുന്നു!
ശ്വാസം കഴിയ്ക്കാൻ പോലും പ്രയാസപ്പെട്ട് ഏതോ വന്യമൃഗത്തെപ്പോൽ ചാത്തപ്പൻ മുരണ്ടു. എന്തെങ്കിലുമൊന്നു മിണ്ടാൻ ചാത്തപ്പനു കഴിഞ്ഞില്ല.
“ഇനിയ്ക്കു കൊണ്ടുവന്നു തരണതൊക്കെ ഞാൻ കഴിയ്ക്കിണില്യേ. പിന്നെന്താ ഞാൻ വെച്ചുണ്ടാക്കിത്തരണതൊന്നും തിന്നാത്തത്?”
ഇരുന്നിടത്തുനിന്ന് അനങ്ങാൻ ആവതില്ലാതെ, ആസകലം വിറകൊണ്ട് വരണ്ടുണങ്ങിയ ചാത്തപ്പൻ പതുങ്ങി. ഒരുറച്ച തീരുമാനത്തിലെത്തിച്ചേർന്ന പോലെ തമ്പുരാട്ടി തേങ്ങിത്തുളുമ്പി:
“ഈ കഞ്ഞി ഇപ്പൊ കുടിച്ചില്ലെങ്കിൽ ഞാനിനി ഇവിടെ നിൽക്കില്ല. പോവും. എവിടെയ്ക്കാണെങ്ങെ ഞാൻ പോവും.”
ചാത്തപ്പൻ ഇരുട്ടിൽ തപ്പി. വെളിപ്പെടുത്താനാവാത്ത നിസ്സഹായാവസ്ഥയിൽ കണ്ണീരൊഴുക്കി. സാന്ത്വനമെന്നോണം കുന്തക്കാലിൽ നിരങ്ങിനിരങ്ങി തമ്പുരാട്ടി അരികിലെത്തി. ചാത്തപ്പൻ പിന്നേയും കുഴിഞ്ഞിറങ്ങി. അതൊട്ടും വകവെയ്ക്കാതെ തമ്പുരാട്ടി മൺചട്ടിയിലെ കഞ്ഞിയെടുത്തു കോരി ചുണ്ടോടടുപ്പിച്ചുകൊടുത്തു...
പ്ലാവിലക്കുമ്പിളിൽ നീട്ടിയ ആദ്യത്തെ വീതം ചാത്തപ്പൻ കവിൾകൊണ്ടു.
ഉണങ്ങിയ ചുണ്ടുകളും വരണ്ട തൊണ്ടയും നനവറിഞ്ഞു.
ഇരുകൺകളിലും ചാഞ്ചക്കമാടിയ പളുങ്കുതുള്ളികളിൽ,
നിലാവിന്റെ പൊൻവെട്ടം മിന്നിത്തിളങ്ങി.
കഞ്ഞിപ്പാത്രം താഴെ വെച്ച്, തമ്പുരാട്ടി ആ പളുങ്കുമണികൾ കൈവിരലുകളിൽ ഒപ്പിയെടുത്തു.
അലിവിലലിഞ്ഞ്,
നനവിൽ കുഴഞ്ഞ്,
ചാത്തപ്പൻ ഒന്നയഞ്ഞു;
പിന്നെ കുഴഞ്ഞൊടിഞ്ഞു.
വശം ചെരിഞ്ഞൊഴുകിയ ചാത്തപ്പനെ വാത്സല്യപൂർവം മാറോടണച്ചു;
ആ മൂർദ്ധാവിൽ ഉമ്മ വെച്ചു....
(തുടരും: ‘ഗൃഹപ്രവേശം’)
അടിക്കുറിപ്പ്:  *കർക്കടകത്തിലെ ചില പ്രത്യേകദിനങ്ങളിൽ മേൽജാതിസ്ത്രീകളെ തൊട്ടാൽ ഭ്രഷ്ടു കല്പിയ്ക്കപ്പെടും. ഇത് പുലപ്പേടി എന്നറിയപ്പെടുന്നു.
(വരികൾ: വേദാരണ്യം, സജി വട്ടംപറമ്പിൽ)

______________________________________________________________________________


രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

‌______________________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:


___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

___________________________________________________________________________