Thursday, 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002 രചന 07


വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ (നോവൽ)
രചന: സജി വട്ടം‌പറമ്പിൽ
sajivattamparambil@gmail.com

ഉരുളൻ ചെങ്കല്ലുകൾ പതിച്ച പടിക്കെട്ടുകൾ താഴേയ്ക്കിറങ്ങി.
കഷ്ടിച്ച് ഒരാൾക്കു നടക്കാവുന്ന, ചാഞ്ഞിറങ്ങുന്ന ഇടവഴി. നേരേ പടിഞ്ഞാട്ട് ചെല്ലുമ്പോൾ വീതി കുറഞ്ഞു. ഇടവഴിയിറങ്ങാതെ, ഒതുക്കുകൾ ഇടത്തോട്ടിറങ്ങുന്നതു വീട്ടിലേയ്ക്ക്. ഇറങ്ങുന്നിടത്തു നിന്നു തന്നെ, കവുങ്ങിൻതോപ്പിന്റെ തുടക്കമായി. പശിമയുള്ള മണ്ണിൽ കരിമ്പച്ച നിറത്തോടെ തല നിറഞ്ഞ ഒറ്റത്തടി വൃക്ഷങ്ങൾ. മുറ്റത്തേയ്ക്കു തിരിയുന്നിടത്ത്, വലതുവശത്തു തൊഴുത്ത്. ഇടതുമൂലയ്ക്ക്, മാട്ടത്തിനരികെ, തുള്ളിത്തുളുമ്പാൻ വെമ്പുന്ന മാറുമായ് ഋതുമതിയായൊരു ചെന്തെങ്ങ്.
രണ്ടേറ് പോത്തുങ്ങളും പൈക്കളും കിടാങ്ങളുമായി നിറഞ്ഞു കിടന്നു, ഒമ്പതാംകള്ളി തൊഴുത്ത്. തൊഴുത്തിനും വീടിനുമിടയിലെ മുറ്റം, കൊട്ടുവടിയാൽ പൊതുക്കിയൊതുക്കിയിട്ടുണ്ട്. നെൽക്കളമായി ഉപയോഗിയ്ക്കയാവാം...പത്ത് എരവിത കണ്ടങ്ങൾ കൊയ്തെടുത്തു പൊലിയ്ക്കാനുള്ള വിസ്താരമുള്ള കളത്തിൽ കറ്റകൾ പൊലിക്കൂടി കിടന്നിരുന്നു.
പുറ്റുമണ്ണിൽ പടുത്തെടുത്ത്, തട്ടും തുലാനുമിറക്കിയ വീടിന് ചുണ്ണാമ്പു പൂശിയ പൂമുഖം. മറ്റു ഭാഗങ്ങളെല്ലാം തേച്ചുമിനുക്കിയ മണ്ണിന്റെ ശോണിമ. കരവിരുതുള്ള നന്നാല് കൽത്തൂണുകളിൽ താങ്ങിയ ഓല മേഞ്ഞ താഴ്‌വാരം, ചുറ്റിനും. നാലുപുറവും വിസ്തരിച്ച ഉമ്മറം തന്നെ! തെക്കേ ഉമ്മറത്തു നിന്നു തട്ടിൻപുറത്തേയ്ക്ക് തൂർമയുള്ള കോണിപ്പടികൾ.
ചെറുമക്കൾ കറ്റമെതി നിർത്തിപ്പോയിട്ട് അധികം നേരമായിട്ടില്ല. തൊഴുത്തിനരികെ നെൽക്കളത്തിന്റെ വടക്കുകിഴക്കു മൂലയിൽ പന്തീരാംകോൽ കിണർ. കിണറിനു പടിഞ്ഞാറ്, വീടു വിട്ട് എട്ടടിയോളം അകലത്തിൽ അടുക്കളപ്പുര. കുശിനിപ്പുരയ്ക്കും വടക്ക് ഇടവഴിയ്ക്കും അതിരിൽ പഴുത്തും പാകമാകാതെയും കൈതച്ചക്ക മറിഞ്ഞുകിടന്നിരുന്നു.
ശങ്കിച്ചും സംശയിച്ചും നിന്ന ചാത്തപ്പൻ അരിച്ചരിച്ച് ഇടവഴിയിറങ്ങി. കൈതവേലിയ്ക്കരികെ നിന്നു മുരടനക്കി. കുശിനിപ്പുരയിൽ ആരൊക്കെയോ പെണ്ണുങ്ങളുടെ ആളനക്കം കേൾക്കുന്നുണ്ട്. പൂമുഖത്തു കത്തിച്ചുവെച്ച ദീപത്തിനു ചുറ്റും ചമ്രം പടിഞ്ഞിരുന്നു കുട്ടികൾ ഉറക്കെ ‘രാമന്നാരായണ’ ജപിക്കുന്നുണ്ട്. അടുക്കളമുറ്റത്തോ കിണറ്റിൻകരയിലോ ആരേയും കണ്ടില്ല. സന്ധ്യാനേരത്ത് കയറിച്ചെന്നു വിളിയ്ക്കാനൊരു മടി. ഇത്രത്തോളം വന്നിട്ട്, തൈരു വാങ്ങാതെ പോകാനും വയ്യ!
“ചേനാറേ...ചേത്ത്യാറേ...ആരും ല്ലേ, ഇവ്ടെ...?”
“ആരാദ്?” കുശിനിപ്പുരയിൽ നിന്നും തൊഴുത്തിൽ നിന്നും ഒരേസമയം മറുവിളി കേട്ടു.
“ഞാനാ. ചാത്തപ്പനാ.”
“ആര്? ആരാന്ന് നോക്ക്യേട്യേ കല്യാണ്യേ,” അടുക്കളയിൽ നിന്നു വിളിച്ചുപറയുന്നതു കേട്ടു.
ഒക്കത്തുള്ള കുട്ടിയ്ക്ക് ഓട്ടുകിണ്ണത്തിൽ മെഴുക്കും ചോറും കൂട്ടിത്തിരുമ്മിയതു വാരിക്കൊടുത്തുകൊണ്ട് ഇറങ്ങി വന്നതു കല്യാണിയാവാം. രുചിയുള്ള പച്ചവെളിച്ചെണ്ണയുടെ മനം കവരുന്ന മണം കൈതവേലിയും കടന്നു വന്നു.
“ആരാ? ആര്യാ വേണ്ടത്? എവ്ട്ന്നാ വര്ണത്?” അന്വേഷണങ്ങൾ ഒരുമിച്ചാണു വന്നത്.
“ചാത്തനാ. ചാത്തൻ ചാത്തപ്പൻ. തെക്ക്യാട്ട്ന്നാ വര്ണ്. കൊറച്ച് തൈര് വേണായിരുന്നു...”
“അമ്മേ, തൈര് വേണം ന്ന്. ചാത്തന്റെ മോൻ ചാത്തപ്പനാത്രെ,” കല്യാണി അമ്മയെ വിളിച്ചു പറഞ്ഞു.
“ചാത്തപ്പനാ? ഏത് ചാത്തപ്പൻ?” അമ്മയ്ക്കും ആളറിഞ്ഞില്ല.
“ഇനിയ്ക്കറിയില്ല. തെക്ക്യാട്ട് ന്നാ വര് ണ് ന്ന് പറഞ്ഞു.”
“തെക്ക്യാട്ട് ന്ന് എന്തിനാ ഇത്രത്തോളം വര് ണ്! അവ്ട്യൊന്നും തൈര് കിട്ടാനില്ലേ?”
“ആവോ, ഇയ്ക്കറിയില്ല,” മകൾ എല്ലാറ്റിനും കൂടി ഒരുത്തരം നൽകി.
“നേരം കരിപ്പായില്ലേ. അതീക്കൂടെ ന്ന് ചൊവ്വാഴ്ച്യാണ്*. പോയിട്ട് രാവിലെ വരാൻ പറയ്,” അടുക്കളവാതിൽക്കൽ അമ്മ വിളിച്ചു പറഞ്ഞു.
അയമോദകം ചതച്ച് പാറകത്തിന്റെ ഇലയിൽ ചുരുട്ടി പൈക്കൾക്ക് മരുന്നു കൊടുക്കുകയായിരുന്ന പാറമ്മാന് എളുപ്പം കാതോടി! പൈക്കളുടെ മൂക്കുവള്ളി പിടിച്ച് ഒപ്പം നിന്നിരുന്ന മകനെ നിർത്തി, അരിയ്ക്കാടിവെള്ളത്തിൽ കൈ കഴുകി പാറമ്മാൻ തൊഴുത്തിൽ നിന്നു വിളിച്ചു ചോദിച്ചു: “ആരാണ്ടാ ദ്, ചാത്തപ്പനാ?”
ഇത്രത്തോളം എത്തിപ്പെട്ടതിൽ ഖേദപ്പെട്ടും നിരാശപ്പെട്ടും മടങ്ങാനിരുന്ന ചാത്തപ്പന്റെ കണ്ണുകളിൽ സന്ധ്യാദീപം തെളിഞ്ഞു: “അതെ, ചാത്തപ്പനാ ചേനാറെ.”
“ന്താ അവ് ടെ നിക്ക് ണ്?” കവുങ്ങിന്റെ തടം കവച്ചുവെച്ച് ഇടവഴി ഇറങ്ങുന്നിടത്തേയ്ക്ക് പാറമ്മാൻ നടന്നെത്തി.
“നേരം ഇര്ട്ടായി...ഞാൻ പോയിട്ട് നാളെ വരാം...”
“എന്തേ പ്പോ ഈ നേരത്ത്?”
“തൈര് കിട്ടണങ്ങെ ചിറ്റാട്ടുകര പോണം. ഇപ്പണ്ട് പറയ് ണൂ, കുളിയ്ക്കണം ന്ന്...”
“അവ്ടെ എവ്ട്ന്നാ ഈ നേരത്ത് തൈര് കിട്ട് ണ്! ചിമ്മൻ താരൂന്റെ വീട്ടീപ്പോയാൽ കിട്ടീന്ന് വരും. നസ്രാണ്യോളാണ്. പറഞ്ഞ വെലേം കൊടക്കണം.” പാറമ്മാൻ ഒരിട നിർത്തി. “നീയ്യിങ്ങട്ട് കേറിവാ. ഇവ്ടെള്ളത് കൊണ്ടോവാം,” പാറമ്മാൻ വിളിച്ചു.
കവുങ്ങിന്റെ കടഭാഗം എത്തിച്ചുപിടിച്ച് ചാത്തപ്പൻ അങ്ങനെ തന്നെ മാട്ടം കയറി. കിണറ്റിൻകരയിൽ നിന്നു മാറി, അടുക്കളയുടെ മൂലയ്ക്കരികെ, വെണ്ണീറിൻ കുഴിയ്ക്കരികെ കണ്ട് നിന്നു.
“അതേയ്,” പാറമ്മാൻ അടുക്കളയിലേയ്ക്കു നോക്കി, കേൾക്കാൻ പാകത്തിൽ വിളിച്ചു. “അവ്ടെള്ള തൈരൊക്കെ ങ്ങ്ട് എട്ത്തേ.”
കുശിനിപ്പുരയുടെ തെക്കേ ഉമ്മറത്ത്, കാലികൾക്ക് അരിക്കാടിവെള്ളം കൊടുക്കാൻ പാകത്തിൽ ഉമ്മറത്തിന്റെ വിതാനത്തിൽ താഴ്‌ത്തി സ്ഥാപിച്ചിരുന്ന കുഴുതാളിയ്ക്കു മീതെ, തെക്കേ ഇറയത്തു തിരുകി വെച്ചിരുന്ന അരിവാളെടുത്ത് പാറമ്മാൻ പറമ്പിലേയ്ക്കിറങ്ങി.
കവുങ്ങിന്റെ കടയ്ക്കൽ വീണുകിടന്നിരുന്ന പട്ടയിൽ നിന്നു തടമുള്ളൊരു പാള നീളത്തിൽ അരിഞ്ഞെടുത്തു. മുറ്റത്തു കൊണ്ടുവന്ന്, പാളയുടെ രണ്ടറ്റം ചൂടിക്കയറിൽ കൂട്ടിക്കെട്ടി. അറ്റങ്ങൾ രണ്ടും ബന്ധിപ്പിച്ച് തണ്ടു കൊടുത്തു. പിടിയ്ക്കാൻ പാകത്തിന് ഒരു ഞാത്തു കെട്ടി. കിണറ്റിൻകരയിൽ കോരി വെച്ച വെള്ളത്തിൽ പാളത്തൊട്ടി കഴുകി മടങ്ങുമ്പോൾ തൊഴുത്തിലേയ്ക്കു നോക്കി വിളിച്ചു: “അപ്പുണ്ണ്യേ, കഴിഞ്ഞിട്ടില്ലെങ്ങെ നീയതവ്ടെ വെച്ചോ. ന്ന്‌ട്ട് ങ്ങ്ട്ട് വായോ.”
“കഴിഞ്ഞു അച്ഛാ. ഇതും കൂട്യേ ള്ളൂ,” വിളിപ്പുറത്ത് മകൻ വന്നു.
മക്കൾ നാമജപം കഴിഞ്ഞ്, പൂമുഖത്തു നിന്നു നോക്കുന്നുണ്ടായിരുന്നു.
കുട്ടിക്കലത്തിലുള്ള തൈരു മുഴുവനും കാളിക്കുട്ടി പാളത്തൊട്ടിയിലേയ്ക്ക് ഒഴിച്ചുകൊടുത്തു. അതു വാങ്ങി മകന്റെ കൈയിലേല്പിക്കുമ്പോൾ പാറമ്മാൻ ഉപദേശിച്ചു, “ഒന്നങ്ങോട്ട് വഴി തെളിയിച്ചു കൊട് ക്ക്. പൊഴ വരെ പോയാൽ മതി. പൊഴ കടന്നാൽ നീയ് ങ്ങോട്ട് പോരെ. പിന്നെ തിരിഞ്ഞ് നോക്കരുത് ട്ടാ, ചാത്തപ്പാ!”
ചാത്തപ്പനും അപ്പുണ്ണിയും മൂളിക്കേട്ടത് ഒരുമിച്ചായിരുന്നു.
ആര്യവേപ്പിന്നിലയും കാട്ടുമഞ്ഞളും ഉണ്ടായിരുന്നതെല്ലാം വാരിയിട്ടു വെള്ളം തിളപ്പിച്ചു. അതിനിടയ്ക്കു മുറ്റത്തു പോയി, ഉണങ്ങിയ ഓലത്തണ്ട് മടലു താഴ്‌ത്തി വെട്ടി. അവ തണ്ടോടു കൂടി വട്ടത്തിൽ കുത്തിച്ചാരി, കുളിയ്ക്കാൻ സ്ഥലം തരപ്പെടുത്തി. വെട്ടിത്തിളച്ച വെള്ളം കലത്തോടെ മൊളീല കൂട്ടിപ്പിടിച്ചു കൊണ്ടുവന്നു. പാത്രങ്ങൾ പലതിലായി പകർത്തി, ചൂടനത്തി. പിന്നീട്, മുറ്റത്തു നിന്നു മാറി നിന്ന്, ഒച്ച വളരെ താഴ്‌ത്തി വിളിച്ചു പറഞ്ഞു:
“തമ്പ്രാട്ടി കുളിച്ചോളോ...വെള്ളം പാർന്നിട്ട് ണ്ട്.”
ഇരുട്ടിൽ തപ്പിത്തടഞ്ഞ് അവർ മുറ്റത്തു വന്നു. നാട്ടുവെളിച്ചത്തിൽ കണ്ണു തെളിയുവോളം ശങ്കിച്ചു നിന്നു. നിഴലുപോലെ ചാത്തപ്പൻ ദൂരെ നടന്ന് വഴി കാണിച്ചു. കണ്ണറിയാതെ കൈകൾ നീട്ടിയപ്പോൾ കുത്തിനാട്ടിയ ഓലത്തണ്ടുകളിൽച്ചിലത് ചെരിഞ്ഞു വീണു. ചാത്തപ്പൻ അവയെടുത്തു വീണ്ടും കുത്തി നാട്ടിക്കൊടുത്തു.
കുളിമറയ്ക്കുള്ളിലേയ്ക്കു പ്രവേശിച്ച തമ്പുരാട്ടി വെള്ളം നിറച്ചുവെച്ച പാത്രങ്ങളിൽ കാലു തട്ടി നിന്നു. കണ്ണുപൊട്ടരെപ്പോലെ കൈകൾ രണ്ടും നീട്ടിപ്പരതി. ഇരിപ്പിടം കണ്ടെത്തി. മുട്ടിപ്പലകയില്ല. ഇരിയ്ക്കാൻ അലക്കുകല്ല്! കല്ലിനു ചുറ്റും നാലഞ്ചു കലങ്ങളിൽ വെള്ളം. മുക്കിയൊഴിയ്ക്കാൻ വലിയ കണ്ണൻചിരട്ട. അതിനടുത്ത്, പാളപ്പാത്രത്തിൽ കൈ തടഞ്ഞു. കൊഴുത്ത ഒരു ദ്രാവകം! കണ്ണറിയാതെ, എന്തിനാണെന്നറിയാതെ, തല താഴ്‌ത്തിയിരുന്നു ചിന്തിച്ചു.
"ഇതെന്താ ഈ പാളേല്?” തമ്പുരാട്ടി ചോദിച്ചു.
“തൈരാണ്. തലേക്കൂടെ തേച്ചെളക്കി കളയണം ത്രെ,” ചാത്തപ്പൻ അറിവു പകർന്നു.
“ഇനിയ്ക്കറിയില്ലാട്ടോ എങ്ങിന്യാന്ന്...”
“അതീന്ന് കൊറേശ്ശെ ട് ത്ത് തലേല് ഒഴിച്ചോളോ. ഇന്ന്ട്ട് പത്ക്കനെ തേയ്ക്ക്യാ. തൈരൊക്കെ മേത്തെയ്ക്ക് എറങ്ങിക്കോളും. മേലും മോറും നന്നായി തേയ്ക്ക്യാ. വല്യേ കലത്തില് തെളപ്പിച്ച വെള്ളത്തില് വേപ്പിൻ ചണ്ടീണ്ട്. അതോണ്ട് തേച്ച് കുളിയ്ക്കണം ന്നും പറഞ്ഞു.”
“ഉം.” തമ്പുരാട്ടി ഓർത്തു നോക്കി. “ആരു പറഞ്ഞു?”
ചാത്തപ്പൻ മൗനം പാലിച്ചു.
ചിരട്ടയിൽ കുറച്ചു തൈരു കോരി അവർ തലയിലൊഴിച്ചു. മുഖത്തും പുറത്തും അതങ്ങനെ കട്ടകുത്തി ഒലിച്ചിറങ്ങി. ഒലിച്ചിറങ്ങിയത് അപ്പാടെ മുഖം വട്ടനെ വടിച്ച് കൈ കുടഞ്ഞു. കണ്ണും മുഖവും തലയും പുളിച്ചു നീറി. അതിലപ്പുറം തേയ്ക്കാനും കുളിയ്ക്കാനും. എരിച്ചിലും നീറ്റലും സഹിച്ചില്ല. നീറിപ്പുകഞ്ഞു. കണ്ണടച്ചുപിടിച്ചു. മുഖവും തലയും കൂട്ടിപ്പിടിച്ചു. അലക്കുകല്ലിനു താഴേയ്ക്കിറങ്ങിയിരുന്ന് അവർ പല്ലിറുമ്മിക്കരഞ്ഞു.
“ഇനിയ്ക്ക് കുളിയ്ക്കണ്ടാ. മതി. വല്ലാണ്ട് നീറണൂ!”
“സാരല്യ തമ്പ്രാട്ടീ. കുളിച്ചിട്ട് പോയാ മതി.” ഭയന്നൊതുങ്ങി ചാത്തപ്പൻ സമാധാനപ്പെടുത്താൻ നോക്കി.
“എന്നെക്കൊണ്ട് പറ്റില്ല. നാളെ കുളിയ്ക്കാം.”
“നാളെയ്ക്ക് നിക്കണ്ട തമ്പ്രാട്ടീ. പെട്ടെന്നിങ്ങട് കുളിച്ച് പോന്നോളോ...” വൈഷമ്യങ്ങളോർത്തുകൊണ്ട്, ചുറ്റുപുറം കണ്ണോടിച്ചു ചാത്തപ്പൻ അപേക്ഷിച്ചു.
“എന്നാൽ ഒന്നിങ്ങോട്ട് വര്വാ. എങ്ങന്യാണ് ന്ന് ച്ചാൽ തേയ്ക്ക്യാ.”
ചാത്തപ്പന്റെ ചെകിട് രണ്ടും മൂളി! തൊണ്ട വരണ്ടു. നാവിറങ്ങിപ്പോയി.
നീറിയിറങ്ങിയ വേദനയും ചൊറിച്ചിലും സഹിച്ച്, കടിച്ചമർത്തിക്കരഞ്ഞ്, കണ്ണ് ഇറുകെത്തിരുമ്മി തമ്പുരാട്ടി അരിശപ്പെട്ടു: “ഒന്നാലെ ഇന്ന്യൊന്ന് കുളിപ്പിച്ച് തര്വാ. അല്ലെങ്കിൽ ഇവടന്നൊന്ന് പിടിച്ചോണ്ട് പുവ്വ്വാ.”
ഇരുട്ടിലും ഇരുട്ടുകയറി ചാത്തപ്പൻ വിയർത്തു. ശരീരമാസകലം വിറ ബാധിച്ചു. പരവേശം കൂടിയപ്പോൾ രണ്ടുകൈയും കൂട്ടിപ്പിടിച്ച് തലയ്ക്കു കൊടുത്ത് നിന്നിടത്തു തന്നെ കുന്തക്കാലിലിരുന്നു. വിറകൊണ്ട കൈകൾ പിണച്ചുപിടിച്ചു. നിസ്സംഗത. ഇരുളിൽ മ്ലാനത പരത്തി.
“വരുന്നുണ്ടോ ങ്ങോട്ട്?” ഒച്ചയിത്തിരി കനത്തിരുന്നു.
വെറുപ്പിനും വേദനയ്ക്കും പിന്നാലെ തമ്പുരാട്ടിയെ, അറപ്പും തണുപ്പും പിടികൂടി. കീഴ്‌ത്താടിയും മേൽത്താടിയും കൂട്ടിമുട്ടി. പല്ലുകൾ ഒച്ചപ്പെട്ടു. ഗത്യന്തരമില്ലാതെ ചാത്തപ്പൻ കൈകൾ നിലത്തൂന്നി എഴുന്നേറ്റു. ക്ഷമാപണം...തൊഴുതുപിടിച്ച്...കുളിമറയ്ക്കകത്തു കടന്നു.
ഇരിയ്ക്കുന്നിടം അറിഞ്ഞ്, പിൻവശത്തു ചെന്നു നിന്നു. പുളിയിറങ്ങിയ കണ്ണുകൾ മിഴിക്കാനാവാതെ, അവർ മുഖം പിന്നെയും തുടച്ചു. ക്ഷമകെട്ട് വീണ്ടും ധിക്കരിച്ചു...
വിറ കൊണ്ട കൈകളോടെ ഒതുങ്ങി നിന്ന ചാത്തപ്പൻ പാളത്താമ്പാളത്തിൽ നിന്ന് ഒരു കുമ്പിൾ കോരിയെടുത്തു. നെഞ്ചോടു ചേർത്ത്, ശിരസ്സുയർത്തിപ്പിടിച്ചു. ദൃഷ്ടി മേൽപ്പോട്ടുയർന്നു. ഇന്തയെ, അവ്വയെ മനസ്സിൽ ധ്യാനിച്ചു.
“ഇന്തേ...ന്റവ്വേ...”
മനസ്സിൽ ഇന്ത വന്നില്ല. നാടും കടവും താണ്ടി, പട്ടണങ്ങളിൽ പീടികത്തിണ്ണകളിൽ അന്തിയുറങ്ങി, അഴുക്കും ചെളിയും പുതച്ച് അവ്വ! ചങ്കോളം തിങ്ങിയ സങ്കടം കണ്ണുനീരുതിർന്ന് അവരുടെ പുറത്തു വീണു. ചുടുകണ്ണുനീരിന്റെ സ്പർശം തമ്പുരാട്ടിയറിഞ്ഞു...
കലങ്ങിയ കണ്ണീരിനുള്ളിലൊരു കണിക പ്രകാശത്തുള്ളിയായി നിന്നു. അകലെ, അങ്ങകലെ, ആലമരത്തിനു പിന്നിൽ ചാത്തപ്പൻ കണ്ടു: ഇരുൾപ്പരപ്പിലൊരു തിരിനാളം!
“ന്റെ കൊടുങ്ങല്ലൂരെ തമ്പ്രാട്ട്യമ്മേ...കുരുപ്പും കേടും മാറ്റിത്തന്നാൽ ഒരു കോഴീനേം കൊണ്ടു ഞാൻ വന്നോളാം...”
എടുത്ത മൂച്ചിൽ നിറഞ്ഞു കയറി, ശ്വാസം!
ശരീരമൊട്ടൊന്ന് ഞെട്ടിത്തെറിച്ചു.
അദൃശ്യമായ ഏതോ കരുത്തായി നെഞ്ചു നിറഞ്ഞു.
സങ്കോചം മറന്നു, ഭയമകന്നു.
കൈത്തണ്ടകളിൽ ഊക്കുണർന്നു.
ഇടതുകൈവെള്ളയിൽ കീഴ്‌ത്താടി താങ്ങി, തലയുയർത്തി ചേർത്തു പിടിച്ചു.
വലതുകൈയിലെ തൈര് കുഴഞ്ഞിറ്റി, നെറുകയിൽ.
ഏതോ ഒരാവേശം. പിന്നെയും കോരി തല പുതച്ചു.
കട്ടകട്ടയായി ദ്രവം താഴേയ്ക്ക് ഉതിർന്നൊഴുകി.
തല പൊതിഞ്ഞ് ഊറ്റിയെടുത്തു. ഇരുകൈകളിലും കാർകൂന്തൽ വാർന്നു.
നെറ്റിത്തടം, കൺപോളകൾ, മൂക്ക്, കവിൾത്തടം, ചെവികൾ ഉഴിഞ്ഞെടുത്തു.
കൂട്ടിപ്പിടിച്ച ചുണ്ടുകൾ കീഴ്‌ത്താടി, കഴുത്ത്...
ചുമലുഴിഞ്ഞ് കക്ഷം, കൈകൾ പൃഷ്ഠം തേച്ചിറക്കി.
കഴുത്തിലൂടെ മുലകളും വയറും ഞെരടിയിറക്കി.
ഒടി രണ്ടും തുടകളും കാലുകളും പാദാഗ്രം കുനിഞ്ഞു കുമ്പിട്ടു തേച്ചിറങ്ങുമ്പോൾ...
അലക്കുകല്ലിലമർന്ന ഇളം മേനി ഒടിഞ്ഞൊതുങ്ങി ശ്വാസമെടുക്കാൻ വിമ്മിഷ്ടപ്പെട്ടും പുളിവേദനയിൽ പുകഞ്ഞും എരിപൊരിസഞ്ചാരം കൊണ്ടു...
ആറിത്തുടങ്ങിയ ചൂടുവെള്ളം കണ്ണൻ‌ചിരട്ടയിൽ ധാര കോരി.
വേപ്പിൻ‌ചണ്ടിയെടുത്തു കൈത്തഴമ്പിലിട്ടു കശക്കിത്തേച്ചു കുളിപ്പിച്ചു.
വിളക്കാട്ടുപ്പാടം പൂട്ടിച്ചവിട്ടി നിരത്തി നുകം തോളേറ്റുമ്പോലെ, ഈറനോടെടുത്തു ചാത്തപ്പൻ കുടിലിനകത്തേയ്ക്കു നടന്നു.
കരിമ്പനോലത്തടുക്കു മാറ്റി, കൈതോലപ്പായിൽ കിടത്തി.
പുളി മാറി, വേദന നീറി.
ഉഴുതുമറിച്ച് ചവിട്ടിനിരത്തിയ കാലായിക്കണ്ടം, നുരിയെളുപ്പം കളം തുടിച്ചു.
നെടുവീർപ്പിട്ടു മലർക്കെ കിടന്നു, വൈലിത്തറ!
(തുടരും)

അടിക്കുറിപ്പ്: *ത്രിസന്ധ്യ കഴിഞ്ഞാൽ നട മുറിച്ച് കൈമാറ്റം നാട്ടുനടപ്പില്ല. ചൊവ്വ, വെള്ളി ദിനങ്ങളിൽ പ്രത്യേകിച്ചും.
(വരികൾ: വേദാരണ്യം. സജി വട്ടംപറമ്പിൽ)
______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

‌______________________________________________________________________________

വേദാരണ്യത്തിന്റെ മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ:___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

___________________________________________________________________________